Crime

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേ‍‍ർ പിടിയിൽ

എറണാകുളം: കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. പള്ളിക്കര മനക്കകടവില്‍ 18.5 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കരുമാത്ര സ്വദേശി ഫാദില്‍ (23) പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര സ്വദേശി രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്.

ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വില്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശം രണ്ട് ബാഗുകളാണ് ഉണ്ടായിരുന്നത്. ഒരു ബാഗില്‍ അഞ്ച് പായ്ക്കറ്റിലും അടുത്ത ബാഗില്‍ നാല് പായ്ക്കറ്റിലും കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. രതീഷിന് കഞ്ചാവ് കൈമാറുന്നതിനാണ് ഫാദില്‍ എത്തിയത്. ഫാദിലിനെ പിടികൂടിയതറിഞ്ഞ് രതീഷ് ഒളിവില്‍ പോയി. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം പാലക്കാട്ടേക്ക് തിരിച്ചു. ശ്രീകൃഷ്ണപുരത്തു നടന്ന പരിശോധനയില്‍ രതീഷിനെ സാഹസികമായി പിടികൂടുകയായിരുന്നു.