ധാക്ക: ശൈഖ് ഹസീനയുടെ കൊട്ടാരം പ്രക്ഷോഭകാരികൾ കൈയേറി. വിദ്യാർഥി പ്രക്ഷോഭം കനത്തതിന് പിന്നാലെ പ്രധാനമന്ത്രി പദവി രാജിവെച്ച് ബംഗ്ലാദേശ് വിട്ട പ്രധാനമന്ത്രിയുടെ കൊട്ടാരമാണ് പ്രക്ഷോഭകാരികൾ കൈയേറിയത്.
കൊട്ടാരത്തിനുള്ളിൽ കടന്ന സമരക്കാർ ഊട്ടുപുരയിൽനിന്ന് ഭക്ഷണം കഴിക്കുന്നതും, പ്രധാനമന്ത്രിയുടെ കിടക്കയിൽ കിടക്കുന്നതടക്കമുള്ള വിഡിയോകൾ പുറത്തുവന്നിരുന്നു. ഫർണിച്ചറുകൾ, പുസ്തകങ്ങൾ, വിലകൂടിയ സാരികൾ, ചായക്കപ്പുകൾ, ടി.വി, പെയിന്റിങ്ങുകൾ എന്നിവ സമരക്കാർക്കൊപ്പമെത്തിയവർ എടുത്തുകൊണ്ടുപോയി.
ബംഗ്ലാദേശ് പാർലമെന്റിലേക്ക് അതിക്രമിച്ച് കയറിയവർ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെൽഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
നൂറുകണക്കിന് പേരാണ് പാർലമെന്റിലേക്ക് അതിക്രമിച്ചെത്തിയത്. ജനക്കൂട്ടം എം.പിമാരുടെ കസേരകളിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പാർലമെന്റിനുള്ളിൽ ഇവർ ബഹളം വയ്ക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കലാപത്തിൽ പ്രക്ഷോഭകാരികൾ ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്റഫെ മൊർതാസയുടെ വീട് തീ വച്ച് നശിപ്പിച്ചു. ഹസീനയുടെ പാർട്ടിയുടെ എംപി ആണ് മഷ്റഫെ മൊർതാസ.
1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സർക്കാർജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരേ ജൂലായിൽ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങൾ. ഇതിനോടകം 300-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.