മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിലും ഇന്ന് ഊർജിത തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണു തിരച്ചിൽ. സൂചിപ്പാറ വെള്ളച്ചാട്ടങ്ങൾക്കു സമീപവും പരിശോധന നടത്തും. വനമേഖലകളിലെ തിരച്ചിലിനു ഡിഎഫ്ഒ നേതൃത്വം നൽകും.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇവിടെ 180 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിർമാണ പരിധി 10 % എന്നുള്ളത് വർധിപ്പിക്കും. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് ഇന്നു മുതൽ പരിശോധന നടത്തും. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾ വിദഗ്ധർ പരിശോധിച്ചു തീരുമാനിക്കും. ദുരന്ത മേഖലയിൽ 24 മണിക്കൂറും മൊബൈൽ പൊലീസ് പട്രോൾ ശക്തിപ്പെടുത്തും. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരന്ത ബാധിതരെ വിളിക്കുന്നതായി വിവരമുണ്ട്. ദുരിതബാധിതരെ മാനസികമായി തകർക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷൻ കടകൾ വഴി സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
താൽക്കാലിക പുനരധിവാസം, ഗ്രീൻ പ്രോട്ടോക്കോൾ പാലനം, മാലിന്യനിർമാർജനം, ഉപജീവന പദ്ധതികൾ, ക്യാംപുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, കൗൺസലിങ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കും. രേഖകൾ നഷ്ടപ്പെട്ട ഒരാളും പേടിക്കേണ്ടെന്നു മന്ത്രി പറഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രനും മന്ത്രിസഭാ ഉപസമിതി യോഗത്തിൽ പങ്കെടുത്തു.