മുംബൈ: ഉദ്ധവ് താക്കറെ സർക്കാരിന്റെ കാലത്ത് പൊളിച്ചുനീക്കാൻ ഒരുങ്ങിയ ബാന്ദ്രയിലെ വസതി വിൽക്കാൻ ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റനൗട്ട്. 40 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. കങ്കണയുടെ സിനിമ നിർമാണക്കമ്പനി മണികർണിക ഫിലിംസിന്റെ ഓഫിസും ഈ കെട്ടിടത്തിൽ തന്നെയാണ്.ഡൽഹിയിലും മാണ്ഡ്യയിലുമായി താമസിക്കുന്ന തനിക്ക് ബാന്ദ്രയിലെ വസതി ആവശ്യമില്ലെന്നാണ് കങ്കണ അടുപ്പക്കാരോട് പറയുന്നതെങ്കിലും കടം മൂലമാണ് വീട് വിൽക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്.
91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപ ബാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. 2020ൽ നിയമവിരുദ്ധ നിർമാണ പ്രവർത്തനങ്ങളുടെ പേരിലാണ് ബിഎംസി വീടിന്റെ കുറച്ചുഭാഗം പൊളിച്ചത്. നടി ബോംബെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി നടപടി ഒഴിവാക്കി. ബിഎംസിക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തെങ്കിലും പിൻവലിച്ചു. പിന്നീടാണ് കങ്കണ ബിജെപിയുമായി കൈ കോർക്കുന്നതും സ്വദേശമായ ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നതും. ഡൽഹിയിലെത്തിയ ഉടൻ താൽക്കാലികമായി താമസിക്കാൻ മഹാരാഷ്ട്ര സദനിലെ മുഖ്യമന്ത്രിയുടെ സ്വീറ്റ് റൂം ആവശ്യപ്പെട്ടതും വിവാദമായിരുന്നു.