ഇന്നത്തെ കാലത്ത് പലരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. പ്രാധാന്യം അറിഞ്ഞു കഴിഞ്ഞാൽ, ഒരു കാരണവശാലും നിങ്ങൾ അത് ഒഴിവാക്കില്ല. ഒരു ദിവസം തുടങ്ങുമ്പോൾ ആദ്യമായി കഴിക്കുന്ന ഭക്ഷണം സാധാരണ ഭക്ഷണം പോലെയല്ല. മറ്റെല്ലാ ഭക്ഷണവും പ്രധാനമായി കണക്കാക്കപ്പെടുന്നു, എന്നാൽ പ്രഭാതഭക്ഷണം കൂടുതൽ പ്രധാനമായി കണക്കാക്കപ്പെടുന്നു. കാരണം പ്രഭാത ഭക്ഷണത്തിൽ നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാരാളം ഗുണങ്ങളുണ്ട്.
നിങ്ങൾ ഉറങ്ങുമ്പോൾ പോലും നിങ്ങളുടെ ശരീരം പ്രവർത്തിക്കുന്നത് തുടരുന്നു. ഒരേയൊരു വ്യത്യാസം നിങ്ങൾക്ക് ശാരീരിക പ്രവർത്തനങ്ങൾ ഉണ്ടാകില്ല എന്നതാണ്. ശരീരം തുടർച്ചയായി പ്രവർത്തിക്കുന്നതിനാൽ, നിങ്ങളുടെ ശരീരത്തിൽ ഊർജം തീർന്നേക്കാം. ഈ തുടർച്ചയായ പ്രക്രിയ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുന്നു, അതിനാൽ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന് പ്രഭാതഭക്ഷണം ആവശ്യമാണ്.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും അനാരോഗ്യകരമായ ഭക്ഷണം വെറും വയറ്റിൽ കഴിക്കുന്നതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത അഞ്ച് പ്രഭാത ഭക്ഷണങ്ങളെക്കുറിച്ച് കാർഡിയോതൊറാസിക് സർജൻ ഡോ.ശ്രീറാം നെനെ അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരുന്നു.
1. വൈറ്റ് ബ്രെഡ്
പലരും പ്രഭാതഭക്ഷണത്തിന് വൈറ്റ് ബ്രെഡ് കഴിക്കാറുണ്ട്. ഇതൊരു ആരോഗ്യകരമായ തിരഞ്ഞെടുപ്പല്ല. വൈറ്റ് ബ്രെഡ് ഒരു സംസ്കരിച്ച ഭക്ഷണമാണ്. വേഗത്തിൽ ദഹിക്കുന്നതാണെങ്കിലും, പോഷകമൂല്യം കുറവാണ്. വൈറ്റ് ബ്രെഡിൽ ഗുണമേന്മ കുറഞ്ഞ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും.
2. പഞ്ചസാര ചേർത്ത സിറിയൽ
ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം പഞ്ചസാര ചേർത്ത സിറിയൽ ദോഷകരമാണ്. ശുദ്ധീകരിച്ച ധാന്യങ്ങളിൽ നാരുകളുടെ അംശം കുറവാണ്. ഇവയിലെ അിതമായ പഞ്ചസാര പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കും.
3. പഴങ്ങളുടെ ജ്യൂസ്
പഴച്ചാറുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മുഴുവൻ പഴങ്ങൾ കഴിക്കുമ്പോഴുള്ളതിനെക്കാൾ വേഗത്തിൽ വർധിപ്പിക്കുന്നു. പ്രത്യേകിച്ച് പ്രഭാതഭക്ഷണ സമയത്ത് ഇവ ഒഴിവാക്കണം. ജ്യൂസിലെ സംസ്കരിച്ച പഞ്ചസാര ആരോഗ്യത്തിന് കൂടുതൽ ദോഷകരമാണ്.
4. സംസ്കരിച്ച മാംസം
സംസ്കരിച്ച മാംസങ്ങൾ പൊതുവെ അനാരോഗ്യകരമായി കണക്കാക്കപ്പെടുന്നു. സംസ്കരിച്ച മാംസവും വിവിധ തരത്തിലുള്ള കാൻസറും ഹൃദ്രോഗവും പ്രമേഹവും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
5. മധുരം ചേർത്ത തൈര്
തൈര് പ്രോട്ടീന്റെയും പ്രോബയോട്ടിക്കുകളുടെയും നല്ല ഉറവിടമാണെങ്കിലും, പഞ്ചസാര ചേർത്ത മധുരമുള്ള തൈര് പ്രഭാതഭക്ഷണത്തിന് മികച്ചതല്ല. വീട്ടിൽ തയ്യാറാക്കിയ തൈര് കഴിക്കുക. അതല്ലെങ്കിൽ കൊഴുപ്പും മധുരമില്ലാത്തതുമായ ഗ്രീക്ക് തൈര് തിരഞ്ഞെടുക്കുക.
content highlight: 5-worst-breakfast-foods