നിങ്ങൾക്കൊരു വിശേഷദിവസത്തിൽ പങ്കെടുക്കണം.. ദിവസം മുഴുവൻ ഫ്രഷ് ആയി നിൽക്കണം.. അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ദീർഘദൂര യാത്രയുണ്ട്.. അതുമല്ലെങ്കിൽ അമ്പലത്തിൽ ഒരു പൂജയിൽ പങ്കെടുക്കണം.. പക്ഷേ അപ്പോഴെല്ലാം നിങ്ങൾക്ക് വില്ലൻ ആവുന്നത് നിങ്ങളുടെ ആർത്തവമാണ്. ആ സമയത്ത് ബുദ്ധിമുട്ടുകൾ കാരണം നിങ്ങൾക്ക് ഇതൊന്നും ആസ്വദിക്കാതെയും പങ്കെടുക്കാനും കഴിയാതെ വരുന്നു. അപ്പോഴാണ് ആർത്തവം വൈകിപ്പിക്കുന്ന മരുന്നുകളെ ആശ്രയിക്കുന്നത്. ആർത്തവം വൈകിപ്പിക്കുന്ന ഗുളികകൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു ഗെയിം ചേഞ്ചറാണ്, സംശയമില്ല. എന്നാൽ അവ നിങ്ങളുടെ ചർമ്മത്തിൽ നാശം വിതച്ചേക്കാം.
നോറെത്തിസ്റ്റെറോൺ പോലെയുള്ള സിന്തറ്റിക് ഹോർമോണുകൾ അടങ്ങിയിരിക്കുന്ന ആർത്തവം വൈകിപ്പിക്കാനുള്ള ഗുളികകൾ ചില സ്ത്രീകളിൽ മുഖക്കുരുവിന് കാരണമായേക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ശരീരത്തിലെ പുരുഷ ഹോർമോണായ ആൻഡ്രോജൻ്റെ അളവ് വർദ്ധിപ്പിക്കും. അങ്ങനെ സെബം ഉൽപ്പാദനം വർദ്ധിക്കുകയും മുഖത്തുള്ള ചെറിയ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നുവെന്ന് കെയർ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഗൈനക്കോളജിസ്റ്റ് ഡോ.എം.രജനി പറഞ്ഞു.
ഹോർമോണൽ വ്യതിയാനം ഉണ്ടാക്കുന്നതു കൊണ്ടാണ് ഇത്തരം ഗുളികകൾ കഴിക്കുമ്പോൾ മുഖക്കുരു ഉണ്ടാകുന്നത്. മാത്രമല്ല, പിന്നീട് ആർത്തവ സമയത്ത് അമിതമായ രക്തസ്രാവവും, വയറു വേദനയും വിദഗ്ധർ ചൂണ്ടികാണിക്കുന്നു. രക്തം കട്ട പിടിക്കുന്ന അവസ്ഥയിലേയ്ക്ക് നയിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ദീർഘകാലം ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നത് ക്രമരഹിതമായ ആർത്തവ ചക്രത്തിന് കാരണമായേക്കാം.
മാനസികാവസ്ഥയിൽ ഉള്ള വ്യതിയാനം, ശരീരഭാര വർധനവ്, അല്ലെങ്കിൽ ക്രമരഹിതമായ ആർത്തവ ചക്രം എന്നിവയ്ക്ക് ഇത്തരം ഗുളികകളുടെ ഉപയോഗം കാരണമായേക്കാമെന്ന് ഡോ. രജനി പറയുന്നുണ്ട്. സാധാരണ പാർശ്വഫലങ്ങൾക്കു പുറമേ തലവേദന, സ്തനങ്ങളിൽ വേദന എന്നിവ കൂടാതെ കരൾ രോഗത്തിലേയ്ക്കു വരെ ഈ ശീലം എത്തിക്കുന്നു എന്നവർ കൂട്ടിച്ചേർക്കുന്നുണ്ട്.
ഇത്തരം ഗുളിക കഴിക്കുന്നത് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ മുഖക്കുരു അകറ്റി നിർത്താൻ കട്ടികുറഞ്ഞ മോയിസ്ച്യുറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളും പാലുത്പന്നങ്ങളും ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കണം. ബെൻസോയിൽ പെറോക്സൈഡ് പോലെയുള്ളവ അടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ ഉപയോഗിക്കുക. എന്നിട്ടും മുഖക്കുരു മാറുന്നില്ല എങ്കിൽ വിദഗ്ധരായ ഡെർമെറ്റോളജിസ്റ്റിനെ കണ്ട് വിവരങ്ങൾ പറയുക, നിർദ്ദേശങ്ങൾ തേടുക.
content highlight: acne-and-period-delaying-pills