എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന മുണ്ടക്കൈയിലെയും ചൂരല്‍മലയിലേയും ജനതയെ ഇപ്പോള്‍ ചേര്‍ത്തു പിടിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്. ഓരോ മനുഷ്യരും തന്നാലാകും വിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുമ്പോള്‍, വൈദ്യുതി വകുപ്പും ചെയ്യുകയാണ് വലിയൊരു സഹായം. ദുരന്ത ബാധിതര്‍ക്ക് വൈദ്യുതി ഫ്രീയായി നല്‍കാനാണ് വകുപ്പിന്റെ തീരുമാനം. വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെ.എസ്.ഇ.ബിയുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ.കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ് വൈദ്യുതി വകുപ്പ്.
വൈദ്യുതി വകുപ്പിന്റെ നിലവിലുള്ള സാഹചര്യം വളരെ മോശമാണെന്നാണ് പുറത്തു വരുന്ന വിവരം. ഈ പ്രതികൂല സാഹചര്യത്തിലും ദുരന്തത്തില്‍പ്പെട്ടവരോട് കാണിക്കാന്‍ തോന്നി ഈ സഹായം അഭിനന്ദനാര്‍ഹമാണ്. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ വൈദ്യുതി വകുപ്പിന് വരുത്തിയ നാശനഷ്ടം ഭീമമായിരുന്നു. എന്നാല്‍, തകര്‍ന്ന വൈദ്യുതി ലൈനുകളും, പോസ്റ്റുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ നിതാന്ത പരിശ്രമം നടത്തുകയും ചെയ്തിരുന്നു.
ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മേഖലയില്‍ മൂന്ന് കിലോമീറ്ററില്‍ ഏറെ ഹൈ ടെന്‍ഷന്‍ ലൈനുകളും, എട്ടു കിലോമീറ്ററില്‍ അധികം ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിരുന്നു. ഉരുള്‍പൊട്ടലില്‍ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ഒഴുകി കാണാതാവുകയും ആറ് ട്രാന്‍സ്ഫോര്‍മറുകള്‍ തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ത്തോളം ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂര്‍ണമായും തകര്‍ന്നു. കുറഞ്ഞത് 3 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഈ മേഖലയില്‍ മാത്രം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ ഒരു പ്രധാന പാലവും റോഡുകളും ഒലിച്ചുപോയതിനാല്‍ അവിടേയ്ക്കു ചെന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ സാധിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിയ്ക്കണമെങ്കില്‍ തകര്‍ന്ന ലൈനുകള്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ സാധിക്കൂ.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഈ പ്രവര്‍ത്തനം ആരംഭിക്കാനാകൂ. മുണ്ടക്കൈ, ചൂരല്‍ മല പ്രദേശം മേപ്പാടി സെക്ഷനില്‍ നിന്നും ഏകദേശം 16 കിലോമീറ്റര്‍ അകലെയാണ്. കനത്ത മഴയില്‍ ഉരുള്‍പൊട്ടുന്നതിനു മുമ്പുതന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ പുലര്‍ച്ചെ 2 മണി മുതല്‍ സെക്ഷനിലെ ജീവനക്കാര്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നു. ഏകദേശം പുലര്‍ച്ചയോടു കൂടി ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും 4 കിലോമീറ്റര്‍ വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെ വൈദ്യുതി എത്തിച്ചു. 2 മണിയോടെ ഉരുള്‍പൊട്ടലില്‍ പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെ 11 kV ലൈന്‍ പുനഃ സ്ഥാപിച്ചു വൈദ്യുതിയെത്തിക്കുകയും ചെയ്തു. കല്‍പ്പറ്റ 33 കെ.വി സബ്സ്റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ അവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. എന്നാല്‍ കല്‍പ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികള്‍ എന്നിവിടങ്ങളിലും ബാക്ക് ഫീഡിങിലൂടെ വൈദ്യുതി എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. നാദാപുരം ഡിവിഷന്റെ കീഴില്‍ 24 ട്രാന്‍സ് ഫോര്‍മറുകള്‍ വെള്ളം കയറിയതിനാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാലും ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്.
വടകര ഡിവിഷന്റെ കീഴില്‍ 27 ട്രാന്‍സ്‌ഫോര്‍മറുകള്‍ വെള്ളം കയറിയതിനാല്‍ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം നാദാപുരം ഡിവിഷന്റെ കീഴില്‍ 85 വടകര ഡിവിഷന്റെ കീഴില്‍ 46 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. നാദാപുരം ഡിവിഷനില്‍ നിലവില്‍ പരപ്പുപാറ, പാറക്കടവ്, നടുവണ്ണൂര്‍, തൊട്ടില്‍പ്പാലം തുടങ്ങിയ സെക്ഷനുകളിലാണ് കൂടുതലായി പ്രകൃതി ക്ഷോഭം ബാധിച്ചിട്ടുള്ളത്. വടകര ആയഞ്ചേരി സെക്ഷനും കൊയിലാണ്ടി സബ് ഡിവിഷനു കീഴിലെ മൂടാടി, തിക്കോടി, കൊയിലാണ്ടി നോര്‍ത്ത്, കൊയിലാണ്ടി സൗത്ത്, മേലടി സെക്ഷന്‍ തുടങ്ങിയവയാണ് തീവ്രമായി പ്രകൃതി ക്ഷോഭം ബാധിച്ച സെക്ഷനുകള്‍.
ഇവിടെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് പ്രവര്‍ത്തിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിന് വൈദ്യുതി അത്യാവശ്യമായതിനാല്‍ രാത്രിയും പകലും നിന്നുകൊണ്ടാണ് വൈദ്യിതി എത്തിക്കാന്‍ ജീവനക്കാര്‍ പ്രവര്‍ത്തിച്ചത്. ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ അട്ടമലയില്‍ വൈദ്യുതിയെത്തിച്ചത് വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമം കൊണ്ടാണ്. തകര്‍ന്നുപോയ പോസ്റ്റുകള്‍ മാറ്റിയും ചരിഞ്ഞുപോയവ നിവര്‍ത്തിയും 11 കെ.വി വൈദ്യുതി ശൃംഖല പുനര്‍നിര്‍മ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്.
നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായിട്ടുണ്ട്. ചൂരല്‍മലയില്‍ നിന്ന് താത്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയില്‍ എത്തിച്ചായിരുന്നു പുനസ്ഥാപന പ്രവര്‍ത്തനം. ചൂരല്‍മല ടൗണിലും വൈളിച്ചമെത്തിക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. ഇങ്ങനെ ദുരന്തബാധിത പ്രദേശത്ത് വേഗത്തില്‍ വെളിച്ചമെത്തിക്കാന്‍ ശ്രമിച്ച വൈദ്യുതി വകുപ്പ് അവിടുത്തെ ദുരന്ത ബാധിതര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കാന്‍ തീരുമാനിച്ചത് വലിയ പ്രവൃത്തി തന്നെയാണ്.
CONTENT HIGHLIGHTS;Free electricity for them?: That too for two months; Salute KSEB, mundakai land slide