കൊച്ചി: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായവര്‍ക്ക് 200 കിടക്കകളും 6 ടണ്‍ ഭക്ഷ്യധാന്യങ്ങളും എത്തിച്ച് സഹായഹസ്തവുമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് കല്‍പ്പറ്റയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് ഭക്ഷ്യധാന്യങ്ങളും കിടക്കകളും എത്തിച്ചത്.
“കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായ ഈ ഉരുൾപൊട്ടലിൽ നാമെല്ലാവരും ദുഃഖിതരാണെന്നും, ഈ സാഹചര്യത്തില്‍ ഞങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനകളും പിന്തുണയും ദുരന്തബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ടെന്നും” വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ഞങ്ങളുടെ ഈ ചെറിയ സഹായം ആവശ്യക്കാരായവര്‍ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതര്‍ക്ക് കാലതാമസമില്ലാതെ സഹായം എത്തിക്കുന്നത് ഉറപ്പാക്കാന്‍ സാധനസാമഗ്രികളുമായുള്ള ട്രക്ക് തിങ്കളാഴ്ച എത്തിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമത്തിന് സംഭാവന നല്‍കുന്നതിനും വി-ഗാര്‍ഡ് എന്നും പ്രതിജ്ഞാബദ്ധരാണ്. ദുരിതബാധിതര്‍ക്ക് ആദ്യ ഘട്ട സഹായമെന്ന നിലയിലാണ് സാധനസാമഗ്രികള്‍ എത്തിച്ചിരിക്കുന്നത്.