തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിൽ സ്പീക്കർ എ.എൻ. ഷംസീറിന്റെ സുഹൃത്ത് അനധികൃതമായി യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനർ പത്മകുമാറിനെതിരായ നടപടി റെയിൽവേ പിൻവലിച്ചു. വന്ദേഭാരതിന്റെ ഡ്യൂട്ടിയിൽനിന്ന് മാറ്റിക്കൊണ്ടായിരുന്നു ടി.ടി.ഇക്കെതിരെ നടപടി സ്വീകരിച്ചത്.
സ്പീക്കർ എ എൻ ഷംസീറിന്റെ പരാതി പ്രകാരമായിരുന്നു വന്ദേഭാരതിലെ ജോലിയിൽ നിന്ന് നീക്കിയത്. സംഭവം വൻ വിവാദമാകുകയും യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അധികൃതർ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച സംഭവം നടക്കുന്നത്. കുടംബത്തോടൊപ്പം വന്ദേ ഭാരതിന്‍റെ എക്സിക്യൂട്ടീവ് ക്ലാസിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ. ഷംസീറിനൊപ്പം ഗണേശ് എന്ന സുഹൃത്തും കൂടെയുണ്ടായിരുന്നു. ചെയർ കാർ ടിക്കറ്റ് മാത്രമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. തൃശൂർ എത്തിയപ്പോൾ ചീഫ് ടിടിഇ ജി എസ് പത്മകുമാർ, ഗണേശിനോട് ചെയർ കാറിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഗണേശ് തയ്യാറായില്ല. അങ്ങിനെയെങ്കിൽ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യണമെന്ന് ടിടിഇ പറഞ്ഞു. അതിനും ഗണേശ് തയ്യാറായില്ല. തുടർന്ന് എത്രയും വേഗം മാറണം എന്നാവശ്യപ്പെട്ട് ടിടിഇ മടങ്ങി.
കോട്ടയത്ത് ട്രെയിൻ എത്തിയപ്പോൾ ഗണേഷിനോട് കോച്ച് മാറാൻ ടി.ടി.ഇ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ഗണേഷും ടി.ടി.ഇയും തമ്മിൽ വാക്കേറ്റമുണ്ടായി. ടി.ടി.ഇ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഷംസീർ വിഷയത്തിൽ ഇടപെട്ടതായും ആരോപണമുണ്ട്. തുടർന്ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഡിവിഷണൽ മാനേജർക്ക് ഷംസീർ പരാതി നൽകി. ഈ പരാതി പരിഗണിച്ചാണ് ടി.ടി.ഇക്കെതിരെ ഡിവിഷണൽ മാനേജർ നടപടി സ്വീകരിച്ചത്.
ടി.ടി.ഇക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധവുമായി റെയിൽവേ ജീവനക്കാരുടെ സംഘടനയായ എസ്.ആർ.എം.യു രംഗത്തെത്തിയിരുന്നു. പത്മകുമാറിനെതിരെയുള്ള നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എസ്.ആർ.എം.യു നേതാക്കൾ ഡിവിഷണൽ മാനേജർക്ക് പരാതി നൽകുകയും ചെയ്തു. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് കിട്ടിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.
അതേസമയം സ്പീക്കറോട് അപമര്യാദയായി പെരുമാറിയതിനാലാണ് നടപടി ആവശ്യപ്പെട്ടതെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചിരുന്നു. സ്പീക്കറാണെന്ന് പറഞ്ഞിട്ടും ടിടിഇ ബഹുമാനം കാട്ടിയില്ലെന്നും സ്പീക്കര്‍ക്കെതിരെ മോശം പദപ്രയോഗം നടത്തിയത് കൊണ്ടാണ് പരാതി നല്‍കിയത് എന്നുമാണ് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചത്.