കൊച്ചി: വയനാട് ഉരുൾപൊട്ടലുണ്ടായത് സംസ്ഥാന സർക്കാരിന്റെ വീഴ്ച മൂലമാണെന്ന തരത്തിൽ ലേഖനങ്ങളും റിപ്പോർട്ടുകളും എഴുതാൻ കേന്ദ്രസർക്കാർ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സമീപിക്കുന്നതായി റിപ്പോർട്ട്. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വഴി പരിസ്ഥിതി മന്ത്രാലയം ശ്രമിക്കുന്നതായി ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.
കേരള സർക്കാറിന്റെ തെറ്റായ നയങ്ങളാണ് വയനാട്ടിൽ ഉരുൾപ്പൊട്ടലിന് കാരണമായതെന്ന തരത്തിൽ ലേഖനങ്ങൾ ഏഴുതാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ മൂന്ന് പേരെ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ ക്വാറിയുടെ പ്രശ്നത്തെ കുറിച്ചുള്ള മുൻകാല വാർത്തകളുടെ ലിങ്കുകൾ ഉൾപ്പെടുത്തിയുള്ള ഒരു വേഡ് ഡോക്യുമെന്റ് അയച്ച് നൽകിയാണ് ഇത്തരത്തിൽ ലേഖനമെഴുതാൻ നിർദേശിച്ചിരിക്കുന്നത്.
ക്വാറികളുടെ പ്രവർത്തനവും ഖനനവും തടയുന്നതിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്നും ഇത് വയനാട് ദുരന്തത്തിലേക്ക് നയിച്ചുവെന്നും ലേഖനത്തിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. പാരിസ്ഥിതി ആഘാത വിലയിരുത്തലുകളില്ലാതെ ക്വാറികൾ അനുമതി നൽകിയത്, അനുവദനീയമല്ലാത്ത ക്വാറികളുടെ എണ്ണം, മണ്ണിടിച്ചിലുകളും ക്വാറികളും തമ്മിലുള്ള ബന്ധം എന്നിങ്ങനെ എഴുത്തുകാർ ലേഖനത്തിൽ ഊന്നിപ്പറയേണ്ട നിരവധി പോയിന്റുകളും ഇതിൽ പരാമർശിക്കുന്നുണ്ട്.
കേരളത്തിലെ ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ കയ്യിൽ നിർണായകമായ വിവരങ്ങളുണ്ടെങ്കിൽ അത് പുറത്തുവിടണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് ഫോൺ കോൾ ലഭിച്ച ഒരു വ്യക്തി അഭിപ്രായപ്പെട്ടതായും ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. ക്വാറികളാണ് കേരളത്തിലെ ഉരുൾപൊട്ടലുകൾക്കു കാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതിനാൽ ശാസ്ത്രജ്ഞർ ഇത്തരത്തിൽ ലേഖനങ്ങളെഴുതാൻ സ്വാഭാവികമായി തയ്യാറാകില്ലെന്നാണ് ഫോൺ കോൾ ലഭിച്ച മറ്റൊരാൾ ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചത്. വയനാട്ടിലെ പാരിസ്ഥിതിക മേഖലകൾ പ്രത്യേകം തരംതിരിക്കാത്തതിൽ കേരള സർക്കാരിനെ വിമർശിക്കേണ്ടതുണ്ട്. എന്നാൽ രക്ഷാദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ന്യൂസ് മിനിറ്റ് റിപ്പോർട്ടിൽ പറയുന്നു.