ധാക്ക: ബംഗ്ലാദേശ് പ്രക്ഷോഭത്തിന് പിന്നിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മുഖ്യ എതിരാളി ഖാലിദ് സിയയും അവരുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ആണെന്ന്‍ റിപ്പോർട്ട്. പ്രക്ഷോഭത്തിന്റെ ആസൂത്രണം നടന്നത് ലണ്ടനിലാണെന്നും ഇതിന് സഹായം നൽകിയത് പാകിസ്താൻ ചാരസംഘടനയാണെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ബംഗ്ലാദേശി ഉന്നതവൃത്തങ്ങൾ ആരോപിക്കുന്നത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ആക്ടിങ് ചീഫും ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ സൗദി അറേബ്യയിൽ വച്ച് പാകിസ്താൻ ചാരസംഘടന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നാണ് ബംഗ്ലാദേശി ഇന്റലിജൻസ് ഏജൻസി അവകാശപ്പെടുന്നത്. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം എങ്ങനെ വേണമെന്നതിനുള്ള ബ്ലൂ പ്രിന്റ് ലണ്ടനിൽ വച്ച് തയ്യാറാക്കിയത്. അതിക്രമങ്ങൾക്കിടെ എക്സിൽ നിരവധി ബംഗ്ലാദേശ് ഹാൻഡിലുകൾ എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. 500ലധികം വിദ്വേഷ പരാമർശങ്ങളാണ് ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ഇത്തരം ഹാൻഡിലുകൾ പ്രചരിപ്പിച്ചത്. ഇവയിൽ പലതും പാകിസ്താനിൽ നിന്നുള്ള ഹാൻഡിലുകളായിരുന്നു എന്നും ഇന്റലിജൻസ് ഏജൻസി പറയുന്നു.
ശൈഖ് ഹസീനയെ മാറ്റി പാകിസ്താനോടും ചൈനയോടും സൗഹൃദമുള്ള ഭരണം ബംഗ്ലാദേശിൽ സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിനായി ഐ.എസ്.ഐയോട് ചേർന്ന് നിൽക്കുന്ന ഇസ്‍ലാമി ഛാത്ര ഷിബിർ പോലുള്ള സംഘടനകളെ പാകിസ്താൻ ഉപയോഗിച്ചുവെന്നും റിപ്പോർട്ടുണ്ട്.
മാസങ്ങളുടെ ഗൂഢാലോചനകൾക്ക് ഒടുവിലാണ് ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം പാകിസ്താൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും ബംഗ്ലാദേശ് ഇന്റലിജെൻസ് ഏജൻസി പറയുന്നു.
വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ വർഷങ്ങളായി തടങ്കലിൽ കഴിയുന്ന അവരുടെ മുഖ്യഎതിരാളി ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടിരുന്നു. മുൻ പ്രധാനമന്ത്രിയും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയയെ നിരവധി കേസുകളിൽ പ്രതി ചേർത്താണ് ശൈഖ് ഹസീന ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്. വിദ്യാർഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ പേരെയും മോചിപ്പിക്കാനും തീരുമാനിച്ചതായും പ്രസിഡന്റിന്റെ വാർത്താവിഭാഗം പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കം അനിശ്ചിതത്വത്തിലെന്നാണ് സൂചന. ലണ്ടനിൽ രാഷ്ട്രീയ അഭയം തേടാൻ പദ്ധതിയിട്ടാണ് അവർ ഇന്ത്യ ഇടത്താവളമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഹസീനയ്ക്ക് രാഷ്ട്രീയഅഭയം നൽകാൻ യുകെ തയ്യാറാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതോടെ , നിലവിൽ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ കഴിയുന്ന ഹസീന സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്.