ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യു കെ വ്യക്തമാക്കി. നിലവില്‍ ഡല്‍ഹിയിൽ തുടരുകയാണ് ഷെയ്ഖ് ഹസീന.
ഇന്ത്യയില്‍ നിന്ന് ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യുകെ ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കുന്നത്. സുരക്ഷിതമായി ആദ്യം എത്തുന്ന രാജ്യത്താണ് അഭയം തേടേണ്ടത്. നിലവിലെ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് താല്‍ക്കാലിക അഭയം യുകെയില്‍ ഒരുക്കാനാവില്ല. അഭയം നല്‍കാമെന്ന് പറഞ്ഞ് ആരേയും ക്ഷണിക്കാനാവില്ലെന്നും യു കെ ആഭ്യന്തര വകുപ്പ് വക്താവ് വ്യക്തമാക്കി.
അതേസമയം, ഹസീന ഇന്ത്യയിലേക്ക് വരുന്ന കാര്യം പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്‍റിലെ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ബംഗ്ലാദേശ് പ്രക്ഷോഭത്തിന് പിന്നിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മുഖ്യ എതിരാളി ഖാലിദ് സിയയും അവരുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ആണെന്ന്‍ റിപ്പോർട്ട്. പ്രക്ഷോഭത്തിന്റെ ആസൂത്രണം നടന്നത് ലണ്ടനിലാണെന്നും ഇതിന് സഹായം നൽകിയത് പാകിസ്താൻ ചാരസംഘടനയാണെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ബംഗ്ലാദേശി ഉന്നതവൃത്തങ്ങൾ ആരോപിക്കുന്നത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ആക്ടിങ് ചീഫും ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ സൗദി അറേബ്യയിൽ വച്ച് പാകിസ്താൻ ചാരസംഘടന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നാണ് ബംഗ്ലാദേശി ഇന്റലിജൻസ് ഏജൻസി അവകാശപ്പെടുന്നത്. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം എങ്ങനെ വേണമെന്നതിനുള്ള ബ്ലൂ പ്രിന്റ് ലണ്ടനിൽ വച്ച് തയ്യാറാക്കിയത്. അതിക്രമങ്ങൾക്കിടെ എക്സിൽ നിരവധി ബംഗ്ലാദേശ് ഹാൻഡിലുകൾ എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. 500ലധികം വിദ്വേഷ പരാമർശങ്ങളാണ് ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ഇത്തരം ഹാൻഡിലുകൾ പ്രചരിപ്പിച്ചത്. ഇവയിൽ പലതും പാകിസ്താനിൽ നിന്നുള്ള ഹാൻഡിലുകളായിരുന്നു എന്നും ഇന്റലിജൻസ് ഏജൻസി പറയുന്നു.