Kuwait

കുവൈത്തില്‍ സ്വകാര്യ കമ്പനികളില്‍ പങ്കാളിയോ മാനേജിങ് പാര്‍ട്ണറോ ആകുന്നതില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം | expatriates with residence visa in Kuwait

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ, പങ്കാളികളുടെ പേരുകള്‍ നീക്കം ചെയ്യുകയോ ചെയ്യും.

കുവൈത്തില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് സ്വകാര്യ കമ്പനികളില്‍ പങ്കാളിയോ മാനേജിങ് പാര്‍ട്ണറോ ആകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. സ്വകാര്യമേഖയില്‍ ആര്‍ട്ടിക്കിള്‍ 18 പ്രകാരം ജീവനക്കാരായിരിക്കുന്ന പ്രവാസികള്‍ക്കാണ് നിയന്ത്രണം ബാധകമാകുക.

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത വിദേശികള്‍ പങ്കാളികളായുള്ള കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ, പങ്കാളികളുടെ പേരുകള്‍ നീക്കം ചെയ്യുകയോ ചെയ്യും. അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 19 റസിഡന്‍സിയിലേക്ക് മാറുന്നത് വരെ മരവിപ്പിക്കുകയോ ചെയ്യും.

സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ആര്‍ട്ടിക്കിള്‍ 18 വിസയാണ് നല്‍കുന്നത്. എന്നാല്‍ വിദേശ നിക്ഷേപകര്‍ക്കും ബിസിനസ്സ് പങ്കാളികള്‍ക്കുമാണ് ആര്‍ട്ടിക്കിള്‍ 19 എന്ന പ്രത്യേക ഇന്‍വെസ്റ്റര്‍ റസിഡന്‍സി അനുവദിക്കാറുള്ളത്. ഒരു ലക്ഷം കുവൈത്തി ദിനാറിലധികം നിക്ഷേപം നടത്തുന്ന വിദേശികള്‍ക്കാണ് ആര്‍ട്ടിക്കിള്‍ 19 റസിഡന്‍സി ലഭിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ശരിയായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നിയന്ത്രണ നടപടിയായാണിത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ എത്രകാലം നിലനില്‍ക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടില്ല.