ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിച്ചു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് നടപടി. ബംഗ്ലദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ആണ് മോചനത്തിന് ഉത്തരവിട്ടത്. മൂന്ന് സൈനിക തലവൻമാർ, വിവിധ പാർട്ടികളുടെ നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിവേചനത്തിനെതിരെ പോരാടുന്ന വിദ്യാർഥി നേതാക്കൾ എന്നിവരുമായി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇവരെ മോചിതയാക്കിയത്.
1991 മുതൽ 1996 വരെയും 2001ൽ മുതൽ 2006 വരെയും ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു. ശൈഖ് ഹസീനയുടെ പ്രധാന പ്രതിയോഗി കൂടിയായിരുന്ന ഇവർക്കെതിരെ 2018ലാണ് അഴിമതികേസിൽ 17 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്.
ഖാലിദ സിയക്ക് പുറമെ മറ്റു ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാക്കൾക്കും ചൊവ്വാഴ്ച ജാമ്യം ലഭിച്ചു. ഖാലിദ സിയയുടെ ഉപദേഷ്ടാവായിരുന്ന അമാനുല്ല അമൻ, സീനിയർ ജോയിന്റ് സെക്രട്ടറി ജനറൽ റുഹുൽ കബീർ റിസ്‍വി, സ്റ്റാൻഡിങ് കമ്മിറ്റി അമീർ ഖസ്റു മഹ്മൂദ് ചൗധരി എന്നിവരും മറ്റു മുതിർന്ന നേതാക്കൾക്കുമാണ് ജാമ്യം ലഭിച്ചത്. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്.
ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷേഖ് മുജീബ് റഹ്മാന്റെ മകള്‍ ഷേഖ് ഹസീനയും മുന്‍ പട്ടാള ജനറലും ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന ജനറല്‍ സിയാ ഉര്‍ റഹ്മാന്റെ ഭാര്യ ഖാലിദ സിയയും തമ്മിലെ പോരാട്ടമായിരുന്നു കുറേക്കാലമായി ബംഗ്ലാദേശ് രാഷ്ട്രീയം. മുജീബ് റഹ്മാനും സിയാവുര്‍ റഹ്മാനും ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാത്രന്ത്യത്തിനു ശേഷം ഇരുവരും ശത്രുക്കളായി.
മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടിയായ അവാമി ലീഗ് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ നട്ടെല്ലായിരുന്നു. പാര്‍ട്ടിയില്‍ നിന്നും വിട്ടു പോയ ശേഷം, പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയശേഷം സിയ ഉര്‍ റഹ്മാന്‍ രൂപവല്‍കരിച്ച പാര്‍ട്ടിയാണ് ബി എന്‍ പി. കുറേ കാലമായി, ഈ രണ്ടു പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുകയായിരുന്നു ബംഗ്ലാദേശ്. എന്നാല്‍, നാലു തവണയായി ബിഎന്‍പി അധികാരത്തില്‍നിന്ന് പുറത്താണ്. അധികാരം ഷേഖ് ഹസീനയുടെ കൈപ്പിടിയിലായതോടെ ഖാലിദ സിയ വീട്ടുതടങ്കലിലാവുകയും ചെയ്തു.