Kerala

CMDRF: കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാൻ പണം നൽകിയെന്ന് വ്യാജപ്രചാരണം: മുഖ്യമന്ത്രി

ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

തിരുവനന്തപുരം: സി.എം.ഡി.ആര്‍.എഫില്‍ നിന്നും കെഎസ്എഫ്ഇ ക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്നത് വ്യാജപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യല്‍ മീഡിയ വഴി വലിയ രീതിയില്‍ ആണ് ഈ പ്രചരണം നടക്കുന്നത്. തികച്ചും തെറ്റായ പ്രചാരണമാണത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണു ഇത്തരം പ്രചാരണങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു.

ആ തുക കൊവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാന്‍ കെ എസ് എഫ് ഇക്ക് നല്‍കിയ തുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും സംയോജിപ്പിച്ച് സര്‍ക്കാര്‍ 81.43 കോടി രൂപ കെ.എസ്.എഫ്ഇയ്ക്ക് നല്‍കി. ഇതുവഴി ആകെ നാല്‍പത്തിയേഴായിരത്തി അറുന്നൂറ്റി എഴുപത്തി മൂന്ന് ( 47,673 ) വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോര്‍ട്ടല്‍ വഴിയും യു.പി.ഐ. വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സി.എം.ഡി.ആര്‍.എഫ്. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ഓ​ഗസ്റ്റ് മുതല്‍ ലഭിച്ച തുകയുംജൂലായ് 30 മുതൽ ലഭിച്ച തുകയും കൂടാതെ, ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക്, ഡ്രാഫ്റ്റ്, നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും.

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറല്‍ ഓഫീസിന്‍റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രില്‍ ഒന്ന് 2016 മുതല്‍ 31 ആഗസ്ത് 2019 വരെയുള്ള ഓഡിറ്റ് പൂര്‍ത്തിയാക്കി. ഒരു ക്രമക്കേടുകള്‍ ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോര്‍ട്ട് നല്‍കിയതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകള്‍ പരിശോധിക്കാന്‍ നിയമസഭക്ക് അധികാരവുമുണ്ട്. ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.