വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാള്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം. ഇതോടെ നവംബർ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ കമലയും വാൾസും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനെയും ജെ.ഡി വാൻസിനെയും നേരിടും. വാഷിങ്ടണിലെ തന്റെ വസതിയിൽ മത്സരാർഥികളുമായി വാരാന്ത്യ അഭിമുഖങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ടിം വാൾസിന് നറുക്ക് വീണത്.
മിനസോട്ടയുടെ ഗവര്‍ണാറായി രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട വാള്‍സ് ഡെമോക്രാറ്റിക് ഗവര്‍ണേഴ്സ് അസോസിയേഷന് അധ്യക്ഷനുമാണ്. ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മാറി നില്‍ക്കണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ നിലവിലെ പ്രസിഡന്റ് ബൈഡനൊപ്പം ഉറച്ചുനിന്നതില്‍ പ്രധാനിയാണ് വാള്‍സ്. ബൈഡന് കമലയെ നിര്‍ദേശിച്ചതിന് പിന്നാലെ പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
2018 മുതൽ മിനസോട്ട ഗവർണറായി പ്രവർത്തിക്കുന്ന വാൾസ് മുൻ ഹൈസ്കൂൾ അധ്യാപകനുമാണ്. വാൾസ് 24 വർഷം ആർമി നാഷണൽ ഗാർഡിലും പിന്നീട് ഒരു പതിറ്റാണ്ട് യു എസ് കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. അരിസോണയിലെ യു എസ് സെനറ്റർ മാർക്ക് കെല്ലി, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ എന്നിവർ ടിം വാൾസിന് അവസാന ഘട്ടത്തിലും കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.
സൗജന്യ സ്കൂൾ ഭക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ലക്ഷ്യങ്ങൾ, ഇടത്തരക്കാർക്ക് നികുതിയിളവ്, മിനസോട്ടയിലെ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധികൾ തുടങ്ങിയവ നടപ്പിലാക്കുന്നതിലൂടെ ടിം വാൾസ് ശ്രദ്ധ നേടിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുകയും വോട്ട് നൽകുകയും ചെയ്ത വെള്ളക്കാരായ ഗ്രാമീണ വോട്ടർമാരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിൽ വാൾസ് നടത്തിയ ഇടപെടലുകൾ ചർച്ചയായിരുന്നു.