ഒമാനിൽ റസിഡൻസി അപേക്ഷകർക്ക് നിർബന്ധിത ക്ഷയരോഗ (ലാറ്റൻ്റ് ട്യൂബർകുലോസിസ് -ടിബി) പരിശോധന നടപ്പാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം. മെഡിക്കൽ ഫിറ്റ്‌നസിന്റെ ഭാഗമായാണ് നടപടി. ക്ഷയരോഗമുള്ള വ്യക്തികളെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ, സമൂഹത്തിൽ രോഗം പടരുന്നത് തടയുകയാണ് ഈ മുൻകരുതൽ നടപടി ലക്ഷ്യമിടുന്നത്.
മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, സ്‌ക്രീനിംഗ് പ്രക്രിയ താഴെ പറയുന്ന രീതിയിലാണ്:
രക്തപരിശോധന: അംഗീകൃത സ്വകാര്യ ക്ലിനിക്കിൽ അപേക്ഷകർ രക്തപരിശോധനയ്ക്ക് വിധേയരാകണം.
ചെസ്റ്റ് എക്‌സ്-റേ: രക്തപരിശോധന പോസിറ്റീവ് ആണെങ്കിൽ, അംഗീകൃത സ്വകാര്യ കേന്ദ്രത്തിൽ ചെസ്റ്റ് എക്‌സ്-റേ പരിശോധന നടത്തണം.
ഫിസിഷ്യൻ മൂല്യനിർണയം: ചെസ്റ്റ് എക്‌സ്-റേയെ തുടർന്ന്, അപേക്ഷകർ ഒരു ഫിസിഷ്യന്റെ മൂല്യനിർണയത്തിനായി ഗവൺമെൻറ് മെഡിക്കൽ ഫിറ്റ്‌നസ് സെന്റർ സന്ദർശിക്കണം.
സൗജന്യ ചികിത്സ: ആവശ്യമെങ്കിൽ ക്ഷയരോഗത്തിന് ആരോഗ്യ മന്ത്രാലയം സൗജന്യ ചികിത്സ നൽകും.
ക്ഷയരോഗ പരിശോധന നിർബന്ധമാക്കുന്നതിലൂടെ ടിബി പടരുന്നത് തടയാനാകുമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.