മസ്‌കറ്റിലെ കോഫീ ഷോപ്പുകളിൽ ഷവർമ്മ മുറിക്കുന്നതിന് വൈദ്യുതി കത്തി നിർബന്ധമാക്കികൊണ്ട് മസ്കറ്റ് നഗരസഭ തീരുമാനമെടുത്തു. ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്താക്കളിൽ എത്തുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് മസ്കറ്റ് നഗരസഭയുടെ ഈ പുതിയ നിർദ്ദേശം.
ഷവർമ്മക്ക് ഉപയോഗിക്കുന്ന മാംസം മുറിക്കുന്നതിന് സാധാരണ കൈകൊണ്ട് ഉപയോഗിക്കുന്ന കത്തിക്ക് പകരം വൈദ്യുത കത്തി ഉപയോഗിക്കണമെന്ന് തീരുമാനിച്ചതായി മസ്കറ്റ് നഗരസഭ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. കൈകൊണ്ട് ഉപയോഗിക്കുന്ന ഒരു സാധാരണ കത്തിക്ക് മൂർച്ച കൂട്ടുമ്പോൾ ഇരുമ്പ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ ഒഴിവാക്കുവാനാണ് ഈ നടപടിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.