ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി, ഏറ്റവും കൂടുതൽ ചൂടുള്ള മരുഭൂമി, ഏറ്റവും കാഠിന്യമേറിയ കാലാവസ്ഥയുള്ള പ്രദേശം… . ലോകത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം കൂടിയാണിത്. കൃത്യമായി പറഞ്ഞാൽ സഹാറയുടെ പാതി ഭാഗത്തും വർഷത്തിൽ ഒരു ഇഞ്ചിൽ താഴെ മാത്രമാണു മഴ ലഭിക്കുന്നത്. ഇത്തരമൊരു പ്രദേശത്ത് ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ തടാകമുണ്ടായിരുന്നു, അവിടെ ജനങ്ങൾക്ക് ആവശ്യംപോലെ വെള്ളം ലഭിച്ചിരുന്നു, കൃഷിയും മീൻപിടിത്തവും കച്ചവടവുമെല്ലാം ഈ തടാകത്തെ ആശ്രയിച്ചു നടന്നിരുന്നു.. ഇതൊക്കെ തെളിവ് സഹിതം വ്യക്തമാക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ആയിരക്കണക്കിനു വർഷം മുൻപ് സഹാറയിൽ വമ്പനൊരു തടാകമുണ്ടായിരുന്നതായി നാസ വാദിക്കുന്നതാകട്ടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ നിരത്തിയാണ്.
നോർത്ത്–സെൻട്രൽ ആഫ്രിക്കയിൽ ഏകദേശം നാലു ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്തായിരുന്നു മെഗാ ചാഡ് എന്നു പേരിട്ട ഈ തടാകം. അതായത്, ഇന്നു ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയൻ കടലിനേക്കാളും വലുത്. 3.71 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് കാസ്പിയൻ കടലിന്റെ വലുപ്പം. പഴയകാലത്തെ മെഗാ ചാഡിന്റെ ചെറിയൊരു ഭാഗം ഇപ്പോഴും ആഫ്രിക്കയിലുണ്ട്. ചാഡ് തടാകം എന്നാണ് അതറിയപ്പെടുന്നത്. ഏകദേശം 7000 വർഷം മുൻപാണ് മെഗാ ചാഡ് തടാകം ഇന്നുകാണുന്ന അവസ്ഥയിലേക്കു മാറിയത്. ചൂടേറി, മണൽനിറഞ്ഞ് ലോകത്തിൽ ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലമായി സഹാറ എങ്ങനെ മാറിയെന്നു ഗവേഷകർ വർഷങ്ങളായി പഠിക്കുന്നുമുണ്ട്. നാസയുടെ ചിത്രങ്ങളാണ് അതിൽ ഏറെ സഹായിക്കുന്നതും. ഭൂമിയിലെ കാഴ്ചകളുടെ അതീവ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ നാസ തയാറാക്കിയ ഷട്ടിൽ റഡാർ ടോപ്പോഗ്രഫി മിഷനിലൂടെയാണ് മെഗാ ചാഡിന്റെ തീരഭാഗങ്ങളും ആഴവും ഉൾപ്പെടെ പകർത്തിയത്.
മെഗാ ചാഡിന്റെ പ്രതാപകാലത്തെ ചിത്രത്തിലൂടെ അന്നത്തെ കാറ്റിന്റെ ഗതി വരെ തിരിച്ചറിയാനായി. അത് കാലാവസ്ഥയെ എങ്ങനെ സ്വാധീനിച്ചെന്നും പഠിച്ചു. തടാകതീരത്തെ മണൽക്കൂനകളുടെ ആകൃതിയുൾപ്പെടെ വിശകലനം ചെയ്തായിരുന്നു അത്. തിരയടിച്ചു കയറിയതിന്റെ പ്രാചീനകാല അടയാളങ്ങളും തടാകതീരത്തുണ്ടായിരുന്നു. ഇന്ന് കാമറൂൺ, നൈജെർ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ഏകദേശം നാലു കോടി ജനങ്ങൾ ഇന്ന് ചാഡ് തടാകത്തെ ആശ്രയിക്കുന്നുണ്ട്. 350 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഇതിന്റെ വലുപ്പം. ഇത്തരമൊരു അവസ്ഥയിലേക്കു ചുരുങ്ങാൻ ഇരുനൂറോ അതിൽകൂടുതലോ വർഷമേ വേണ്ടിവന്നുള്ളൂവെന്നും ഗവേഷകർ പറയുന്നു. ചാഡ് തടാകത്തിൽ നിന്ന് അശാസ്ത്രീയമായ വെള്ളമെടുപ്പ് തുടർന്നാൽ വൈകാതെ തന്നെ പഴയ മെഗാ ചാഡിന്റെ അവസ്ഥയാകുമെന്നും ഗവേഷകരുടെ മുന്നറിയിപ്പുണ്ട്.