ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ തയ്യാറാണെന്ന് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ യുനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകാരികള്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെ താന്‍ ആദരിക്കപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
ചികിത്സാര്‍ത്ഥം പാരിസിലുള്ള യൂനുസ് വൈകാതെ ബംഗ്ലാദേശിലെത്തും. രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണം. ഇടക്കാല സര്‍ക്കാര്‍ ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പറഞ്ഞു.
വിദ്യാർത്ഥി സംഘടന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി ഭാരവാഹികളും സൈനിക നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കി. അഴിമതിക്കേസുകളിൽ ജയിലായിരുന്ന ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി നേതാവ് ബീഗം ഖാലിദ സിയയെ മോചിപ്പിച്ചതായും പ്രസിഡന്‍റ് അറിയിച്ചിട്ടുണ്ട്.