വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 398 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. തിരിച്ചറിയാനാകാതെ പോയവര്‍ക്കായി പുത്തുമലയില്‍ മൂന്നാം ദിനമായ ഇന്നും കൂട്ട സംസ്‌കാരം നടന്നു. 22 ശരീരഭാഗങ്ങള്‍ പ്രത്യേകമായി ഒരുക്കിയ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. സര്‍വ്വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാരം.
കാണാതായവര്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. 22 ശരീരഭാഗങ്ങളാണ് ഇന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്. തിരിച്ചറിയാത്ത 37 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളുമാണ് ഇതുവരെ സംസ്‌കരിച്ചത്. ഡിഎന്‍എ സാമ്പിള്‍ സൂചിപ്പിക്കുന്ന നമ്പറുകള്‍ കുഴിമാടങ്ങളില്‍ സ്ഥാപിച്ച കല്ലുകളില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും അടക്കം ചെയ്തു.
64 സെന്റ് സ്ഥലമാണ് ശ്മശാനത്തിനായി പുത്തുമലയില്‍ സര്‍ക്കാര്‍ ആദ്യം ഏറ്റെടുത്തത്. 25 സെന്റ് അധികഭൂമി കൂടി അധികമായി ഏറ്റെടുത്തു. ഇതുവരെ ലഭിച്ചവയില്‍ തിരിച്ചറിയാത്ത മറ്റ് ശരീര ഭാഗങ്ങളും ഇതേ സ്ഥലത്തുതന്നെ സംസ്‌കരിക്കും.
അതേസമയം, വയനാട്ടിൽ ഉരുൾപൊട്ടലിനിടയാക്കിയത് കേരള സർക്കാരിന്റെ നയങ്ങളാണെന്ന് സ്ഥാപിക്കാൻ ലേഖനങ്ങളും റിപ്പോർട്ടുകളും എഴുതാൻ ശാസ്ത്രജ്ഞരെയും ഗവേഷകരെയും കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ സംസ്ഥാനത്തെ മന്ത്രിമാർ രംഗത്തുവന്നു. കേന്ദ്ര സർക്കാറിന്റേത് ചതിപ്രയോഗമാണെന്ന് മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. മന്ത്രിമാരായ പി. രാജീവും കെ.എൻ. ബാലഗോപാലും കേന്ദ്ര സർക്കാറിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. കേരളത്തെ കുറ്റപ്പെടുത്തി ലേഖനങ്ങളെഴുതാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ നിർദേശപ്രകാരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ഗവേഷകരെ സമീപിച്ചതായി ‘ദി ന്യൂസ് മിനുട്ട്’ ആണ് റിപ്പോർട്ട് ചെയ്തത്.