India

പാര്‍ലമെന്റ് സമ്മേളനം ഇന്നും തുടരും | parliament-sessions-will-continue-today

കേരള സര്‍ക്കാരിനെതിരെ ലേഖനം എഴുതാന്‍ ശാസ്ത്രജ്ഞരെ അടക്കം

രാജ്യത്ത് പാര്‍ലമെന്റ് സമ്മേളനം ഇന്നും തുടരും. അതേസമയം കേരള സര്‍ക്കാരിനെതിരെ ലേഖനം എഴുതാന്‍ ശാസ്ത്രജ്ഞരെ അടക്കം കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചെന്ന റിപ്പോര്‍ട്ട് സഭയില്‍ ഇടത് അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടും. സംസ്ഥാന സര്‍ക്കാരിനെതിരെ ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രെസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും പലരിലും സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ട്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിയെന്നതില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ നല്‍കിയ അവകാശ ലാംഘന നോട്ടീസിനു പുറമെ സംസ്ഥാനതിനെതിരായ കേന്ദ്ര നീക്കത്തിന്റെ റിപ്പോര്‍ട്ടും ശക്തമായി ഉയര്‍ത്താന്‍ ആണ് അംഗങ്ങളുടെ തീരുമാനം.

വയനാട് ദുരന്തത്തിന്റെ കാരണം കേരള സര്‍ക്കാരിന്റെ തെറ്റായനയങ്ങളാണെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളും കെട്ടിച്ചമയ്ക്കാന്‍ സന്നദ്ധരായ വിദഗ്ധര്‍ക്കായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ശ്രമം തുടങ്ങിയിരുന്നു. ഇതിനായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വഴി പരിസ്ഥിതി മന്ത്രാലയം നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മാധ്യമമായ ‘ദി ന്യൂസ് മിനിറ്റ്’ പുറത്തുവിടുകയും ചെയ്തിരുന്നു.

പരിസ്ഥിതിമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം കേരളത്തിനെതിരെ റിപ്പോര്‍ട്ടുകള്‍ ചമയ്ക്കാന്‍ പിഐബി ശാസ്ത്രജ്ഞരെയും ഗവേഷകരെയും മാധ്യമപ്രവര്‍ത്തകരെയും സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് ദുരന്തത്തിന് കാരണമെന്ന മട്ടില്‍ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും തയ്യാറാക്കാനാണ് വിദഗ്ധരോട് പിഐബി ആവശ്യപ്പെട്ടത്.