രാജ്യത്തെ ആദ്യത്തെ മാസ്-മാർക്കറ്റ് കൂപ്പെ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി ഇപ്പോൾ. ടാറ്റ കർവ്വ് എന്ന് വിളിക്കപ്പെടുന്ന ഇത് ആദ്യം ഒരു ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ച് വിൽപ്പനയ്‌ക്കെത്തും. പിന്നീടുള്ള ഘട്ടത്തിൽ കമ്പനി ICE മോഡലുകൾ വിപണിയിൽ അവതരിപ്പിക്കും. Curvv EV ഇന്ന് അതായത് ഓഗസ്റ്റ് 7 ന് രാജ്യത്ത് ലോഞ്ച് ചെയ്യും. ഇത് സിട്രോൺ ബസാൾട്ടിന് എതിരാളിയാകും, അത് ഉടൻ വിപണിയിലെത്തും.
പരമ്പരാഗത സ്‌റ്റൈലിംഗില്‍ നിന്ന് മാറി എസ്‌യുവിയുടെ പ്രായോഗികതയും കൂപ്പെ സൗന്ദര്യശാസ്ത്രവും സമന്വയിപ്പിച്ചെത്തുന്ന കര്‍വ് ഇതിനോടകം വലിയ ഓളം തീര്‍ത്തിട്ടുണ്ട്. ഐസിഇ, ഇലക്ട്രിക് പതിപ്പുകളില്‍ കര്‍വ് പുറത്തിറക്കുമെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ, ആദ്യം ഇലക്ട്രിക് അവതാരത്തിലാണ് കര്‍വ് അരങ്ങേറുക. കര്‍വ് ഐസിഇ പതിപ്പിനായി സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് വിപണിയില്‍ എത്താന്‍ പോകുന്ന കര്‍വില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ചുവടെ വിശദീകരിക്കാം.
ടാറ്റ കര്‍വ്വ് ഇവിക്ക് ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് ഉണ്ടൊകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പെഷ്യല്‍ ഫീച്ചറായി ഈ കാറില്‍ V2V, V2L ഫീച്ചറുകള്‍ ടാറ്റ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിയില്‍ നിന്ന് ഗൃഹോപകരണങ്ങളിലേക്ക് വൈദ്യുതി എടുക്കുന്നതിനും മറ്റ് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നതുമായ ഫീച്ചറുകള്‍ ആണ് ഇവ. നെക്‌സോണ്‍ ഇവിയില്‍ ടാറ്റ ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ബ്രേക്ക് റീജനറേഷന്‍, ഡ്രൈവിംഗ് മോഡുകള്‍, ഡിസി ചാര്‍ജിംഗ് എന്നിവയും ഇതില്‍ ഫീച്ചര്‍ ചെയ്‌തേക്കാം.
എംജി ZS ഇവി, വരാനിരിക്കുന്ന മാരുതി സുസുക്കി eVX, ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവ ഉള്‍പ്പെടുന്ന മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലാണ് ടാറ്റ കര്‍വ് ഇവി മാറ്റുരയ്ക്കുക. വലിയൊരു പങ്ക് വിപണി വിഹിതം തുടക്കത്തിലേ പിടിച്ചടക്കുന്നതിനായി കര്‍വ് ഇവിക്ക് ടാറ്റ മത്സരാധിഷ്ഠിതമായ വില നല്‍കിയേക്കും. 18 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് ടാറ്റ കര്‍വ് ഇവിയുടെ എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.
ടാറ്റ കര്‍വ് ഒരു എസ്‌യുവി കൂപ്പെ ബോഡി സ്‌റ്റൈല്‍ അവതരിപ്പിക്കുന്നു. മോഡേണ്‍ സ്‌റ്റൈലിഷ് ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ കാര്‍ കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ വലിയ വിപ്ലവം സൃഷ്ടിച്ചേക്കാം. ടാറ്റയുടെ മറ്റ് ഇവികള്‍ക്ക് സമാനമായി കര്‍വ് ഇവിയുടെ മുന്‍വശത്ത് എല്‍ഇഡി ഹെഡ്ലൈറ്റുകളും ഡിആര്‍എല്ലുകളും നല്‍കിയിരിക്കുന്നു. പിന്നില്‍ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ വരുന്നു. നിങ്ങള്‍ വാഹനം ലോക്കോ അണ്‍ലോക്കോ ചെയ്യുമ്പോള്‍ കണക്റ്റഡ് ലൈറ്റിംഗ് സെറ്റപ്പ് വെല്‍കം, ഗുഡ്‌ബൈ ആനിമേഷനുകള്‍ തെളിയിക്കും.
എയ്‌റോഡൈനാമിക് അലോയ്‌വീലുകളും ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും സൈഡ് പ്രൊഫൈലിലെ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു. ഈ കാറിന്റെ എക്‌സ്റ്റീരിയര്‍ മാത്രമല്ല അകത്തളവും വളരെ ആകര്‍ഷകമാണ്. ടാറ്റ കര്‍വ് ഇവിയുടെ ഡാഷ്ബോര്‍ഡ് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹാരിയര്‍, സഫാരി കാറുകളില്‍ കാണുന്നതുപോലെ 4-സ്പോക്ക് സ്റ്റിയറിംഗ് വീലും ടച്ച്-എനേബിള്‍ഡ് ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും കര്‍വ് ഇവിക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.
6-വേ പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഒരു കോ-ഡ്രൈവര്‍ സീറ്റ് എന്നിവയും ഇതിലുണ്ടാകും. പിന്‍സീറ്റില്‍ സെന്റര്‍ കണ്‍സോളിനൊപ്പം ടു സ്റ്റെപ്പ് റിക്ലൈനും നല്‍കും. ഇതുകൂടാതെ, പനോരമിക് സണ്‍റൂഫ്, 12.3 ഇഞ്ച് ഫ്രീ-ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ സ്‌ക്രീന്‍, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഈ കാറില്‍ ലഭ്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ക്കുള്ള കണ്‍ട്രോളറും നെക്സോണിന് സമാനമായ ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്ററും കാറിന് ലഭിക്കുന്നു. റീജനറേഷന്‍ ലെവല്‍ ക്രമീകരണങ്ങള്‍ക്കായി പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കുന്നുണ്ട്.ആഡംബര ഫീച്ചറുകള്‍ക്കൊപ്പം ഈ കാറിനും മികച്ച സുരക്ഷയും ടാറ്റ വാഗ്ദാനം ചെയ്യും. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), 360-ഡിഗ്രി വിഷന്‍ ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം (ADAS) എന്നിവയും ഈ കാറില്‍ ഫീച്ചര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ് എന്നിവ ADAS സ്യൂട്ടില്‍ ഉള്‍പ്പെടും. പഞ്ച് ഇവിയില്‍ കണ്ട ടാറ്റയുടെ പുതിയ Active.ev പ്ലാറ്റ്ഫോമാണ് കര്‍വ് ഇവി ഉപയോഗിക്കുക. FWD, RWD, AWD എന്നിങ്ങനെയുള്ള വിവിധ ഡ്രൈവ്ട്രെയിന്‍ കോണ്‍ഫിഗറേഷനുകളെ ഇത് പിന്തുണയ്ക്കുന്നു. ഈ കാറില്‍ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ നല്‍കാമെന്ന് തോന്നുന്നു.
content highlight: tata-curvv-ev-launch