സംഘർഷഭരിതമായ ബംഗ്ലാദേശിൽ നിന്ന് 400 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ വിമാനക്കമ്പനികൾ പ്രത്യേക സർവീസ് നടത്തിയാണ് പ്രശ്നബാധിത പ്രദേശങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിച്ചത്. ധാക്കയിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ ആറ് കുട്ടികളടക്കം 205 പേരാണുണ്ടായിരുന്നത്. ശൈഖ് ഹസീന പ്രധാനമന്ത്രി പദവി രാജിവെച്ച് രാജ്യം വിട്ടിട്ടും സംവരണ പ്രഖ്യാപനത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇനിയും കെട്ടടങ്ങിയിട്ടില്ല. രാജ്യം വിട്ട ഹസീന ഇന്ത്യയിൽ തുടരുകയാണ്. ഇവിടെ നിന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാൽ, അവർക്ക് അഭയം നൽകാൻ യു.കെ തയ്യാറല്ലെന്നാണ് സൂചന. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്ക്കാരിനെ നയിക്കും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്നൽ അബേദിൻ ആണ് മുഹമ്മദ് യൂനുസിനെ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവനായി തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് തീരുമാനം. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ മറ്റ് അംഗങ്ങളെ രാഷ്ട്രീയ പാർട്ടികളുമായും മറ്റ് നേതാക്കളുമായും ചർച്ച ചെയ്ത ശേഷം ഉടൻ തീരുമാനിക്കുമെന്നും അബേദിൻ പറഞ്ഞു.
വിദ്യാർത്ഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ, രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, ചില വ്യാവസായിക പ്രമുഖർ എന്നിവർ ഇടക്കാല ഭരണകൂടത്തിന്റെ തലവനെ തീരുമാനിക്കാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുനുസിന്റെ പേര് നേരത്തെ തന്നെ ചർച്ചകളിൽ ഉയർന്നിരുന്നു. പാരീസിൽ നിന്ന് യൂനുസ് ഉടൻ രാജ്യത്തേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.