പാർക്കിൻസൺസ് രോഗികൾക്ക് സൗജന്യ കൺസൽട്ടേഷൻ നൽകുന്ന യു.എ.ഇയിലെ ആദ്യത്തെ മൊബൈൽ ക്ലിനിക്ക് ദുബൈയിൽ ആരംഭിച്ചു. ദുബൈ പൊലീസിന്റെ പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ എംപവർമെൻറ് കൗൺസിൽ, ഫ്രണ്ട്സ് ഓഫ് പാർക്കിൻസൺസ് യു.എ.ഇ, കിങ്സ് പാർക്കിൻസൺസ് സെൻറർ ഓഫ് എക്സലൻസിലെ ഡോ. വിനോദ് മേത്ത, പ്രഫ. റേ ചൗധരി എന്നിവരുടെ സഹകരണത്തിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്.
ഓർമ, ചലന വൈകല്യമുള്ള രോഗികളുടെ രോഗം കൈകാര്യം ചെയ്യുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനുമാണ് സൗജന്യ കൺസൽട്ടേഷൻ വഴി ലക്ഷ്യമിടുന്നത്.ഓരോ രോഗിക്കും വൈദ്യശാസ്ത്രപരമായും ധാർമികമായും പിന്തുണ അനുഭവപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസിന്റെ പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ എംപവർമെൻറ് കൗൺസിൽ മേധാവി മേജർ അബ്ദുല്ല അൽ ശംസി പറഞ്ഞു.
സൗജന്യ കൺസൽട്ടേഷൻ നൽകുന്ന മൊബൈൽ ക്ലിനിക്ക് പാർക്കിൻസൺസ് രോഗികളെ ശാക്തീകരിക്കുന്നതിനും അവർക്ക് അർഹമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂറോളജിക്കൽ ഡിസോഡറായ പാർക്കിൻസൺസ് രോഗത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.