India

‘ചാംപ്യന്മാരില്‍ ചാംപ്യന്‍, ശക്തമായി തിരിച്ചുവരൂ, പിന്തുണയുമായി ഞങ്ങളുണ്ട്’; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ഒളിംപിക്‌സില്‍ അയോഗ്യയാക്കിയ, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിനേഷ് ഫോഗട്ട് ചാംപ്യന്മാരില്‍ ചാംപ്യനാണ്. ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് ഫോഗട്ട് എന്ന് മോദി എക്‌സില്‍ കുറിച്ചു.

‘ഇന്നത്തെ തിരിച്ചടി വേദനപ്പിക്കുന്നു. ഞാന്‍ അനുഭവിക്കുന്ന നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതേ സമയം, നിങ്ങള്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു’- മോദിയുടെ വാക്കുകള്‍.

ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കേയാണ് തിരിച്ചടി ഉണ്ടായത്. മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ കടന്ന വേളയിലാണ് ഇന്ത്യയെ ഒന്നാകെ നിരാശപ്പെടുത്തി വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി എന്ന വാര്‍ത്ത പുറത്തുവന്നത്.