ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ടി.ബി (ക്ഷയരോഗം) പരിശോധന നിർബന്ധമാക്കുന്നു. രാജ്യത്ത് ടി.ബി പടരുന്നത് തടയാനും രോഗം ബാധിച്ചവരെ കണ്ടെത്തി ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സിക്കാനും വേണ്ടിയാണ് പുതിയ സംവിധാനമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു. ടി.ബി രോഗം കണ്ടു പിടിക്കുന്നതിന് പുതിയ നടപടി ക്രമങ്ങളും നടപ്പിൽ വരുത്തും.
ടി.ബി പരിശോധനയുടെ ഒന്നാം പടിയായ അംഗീകൃത സ്വകാര്യ ക്ലിനിക്കുകളിൽ രക്ത പരിശോന നടത്തും. രക്ത പരിശോധനയിൽ പോസിറ്റിവായാൽ അംഗീകൃത സ്വകാര്യ ക്ലിനിക്കുകളിൽ നിന്ന് ചെസ്റ്റ് എക്സ് റേ എടുക്കണം. ഈ എക്സ് റേയുമായി സർക്കാർ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലെ ഡോക്ടറെ കാണുകയും പരിശോധനകൾ നടത്തുകയും വേണം. രോഗം കണ്ടെത്തുന്നവർക്ക് ആവശ്യമായി വന്നാൽ ആരോഗ്യ മന്ത്രാലയം സൗജന്യമായി ചികിത്സ നൽകും.