Health

ഇനി ചര്‍മ്മ സംരക്ഷണം വീട്ടില്‍ തന്നെ ചെയ്യാം; എങ്ങനെയാണെന്നോ?-Skin Care Tips

തലമുടി മുതല്‍ ഉപ്പൂറ്റി വരെ മനോഹരമാക്കുന്നതിന് വേണ്ടി ദിവസേന പാര്‍ലറുകളില്‍ കയറിയിറങ്ങുന്നവരാണ് മിക്കവരും

തലമുടി മുതല്‍ ഉപ്പൂറ്റി വരെ മനോഹരമാക്കുന്നതിന് വേണ്ടി ദിവസേന പാര്‍ലറുകളില്‍ കയറിയിറങ്ങുന്നവരാണ് മിക്കവരും. ഇങ്ങനെ പാര്‍ലറുകളില്‍ കയറിയിറങ്ങുമ്പോള്‍ ഒരുപക്ഷേ നമുക്ക് പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായ ഒരു ശമനം ഉണ്ടായേക്കാം. എന്നാല്‍ ഇതുവഴി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ആണ് ഉണ്ടാകുന്നതെന്ന് നാം ഓര്‍ക്കുന്നില്ല. ആരോഗ്യ പ്രശ്‌നം മാത്രമല്ല കയ്യില്‍ നിന്ന് നല്ലപോലെ പൈസ ഇറങ്ങുകയും ചെയ്യും. ഇത്തരത്തിലുള്ള കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നത് വഴി ഭാവിയില്‍ വലിയ വലിയ രോഗങ്ങള്‍ക്ക് നാം അടിമപ്പെട്ടേക്കാം.

എങ്കില്‍ പിന്നെ ചര്‍മ്മസംരക്ഷണം ഇങ്ങനെ അല്ലാതെ വേറെ ഏതെങ്കിലും രീതിയില്‍ ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ചെയ്യാന്‍ കഴിയും എന്ന് തന്നെയാണ് ഉത്തരം. എങ്ങനെയാണെന്നോ.. വീട്ടില്‍ തന്നെയുള്ള ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ ചര്‍മ സംരക്ഷണം ചെയ്യാന്‍ സാധിക്കും. ഇതുവഴി നമുക്ക് കെമിക്കല്‍ ട്രീറ്റ്‌മെന്റില്‍ നിന്നുണ്ടാകുന്ന പാര്‍ശ്വഫലങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പൈസ ലാഭം ആണെന്നതും ഇതിന്റെ ഒരു പ്രത്യേകത തന്നെയാണ്. വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ചുകൊണ്ട് എങ്ങനെ ചര്‍മ സംരക്ഷണം നടത്തണം എന്ന് നമുക്ക് നോക്കാം

റോസ് വാട്ടര്‍

മുഖത്ത് മുഖക്കുരു ഉണ്ടെങ്കില്‍ റോസ് വാട്ടറും കറ്റാര്‍ വാഴ ജെല്ലും മിക്‌സ് ചെയ്ത് പുരട്ടാം.. ഇതിനായി ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുക്കുക. ഇതില്‍ റോസ് വാട്ടര്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. റോസ് വാട്ടറും കറ്റാര്‍ വാഴയും ദിവസവും 2-3 തവണ മുഖത്ത് പുരട്ടുന്നതിലൂടെ നിങ്ങളുടെ മുഖക്കുരു പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് ചര്‍മ്മത്തിലെ പാടുകള്‍ ലഘൂകരിക്കാന്‍ കഴിയും.വിറ്റാമിന്‍ ഇ-യ്ക്കൊപ്പം ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ്, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ അവയെല്ലാം സെല്ലുലാര്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നതായി കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി ചര്‍മ്മപ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വൈവിധ്യമാര്‍ന്ന വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍, ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് കുറച്ച് വെള്ളം ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഈ പാക്ക് ഇടുക. 20 മിനുട്ടിന് ശേഷം മുഖം കഴുകുക.

കുക്കുമ്പര്‍

10-15 പുതിന ഇലകള്‍, ഒരു കുക്കുമ്പര്‍ എന്നിവയെടുക്കുക. കുക്കുമ്പറും പുതിനയിലയും നന്നായി അരിഞ്ഞ് ഒരു ബ്ലെന്‍ഡറില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് പുരട്ടിയ ശേഷം 15 മിനിറ്റ് നേരം മുഖത്ത് വയ്ക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

കറ്റാര്‍വാഴ ജെല്‍

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കറ്റാര്‍വാഴയിലുണ്ട്. കറ്റാര്‍വാഴ ചര്‍മ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യുന്നു. കറ്റാര്‍വാഴയില്‍ ഗ്ലൈക്കോള്‍-പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അവ മുഖക്കുരു വീക്കവും കുറയ്ക്കുന്നു. കറ്റാര്‍വാഴയില്‍ കാര്‍ബോഹൈഡ്രേറ്റ്, കരോട്ടിനോയിഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു തടയുകയും വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കറ്റാര്‍വാഴ ജെല്‍ മുഖത്തിടുക. ഇത് ചര്‍മ്മം ലോലമാകാനും പാടുകള്‍ കുറയ്ക്കാനും സഹായിക്കും.

മഞ്ഞള്‍

ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ മഞ്ഞള്‍ ചേര്‍ക്കുക. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ചര്‍മ്മത്തിന് തിളക്കം നല്‍കാനും പാടുകളും മുഖക്കുരുവും കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, കണ്ണിന് താഴെയുള്ള ഇരുണ്ട നിറവും ചര്‍മ്മത്തിലെ ടാനും ഒഴിവാക്കാന്‍ സഹായിക്കും. ഒരു നുള്ള് മഞ്ഞള്‍, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മഞ്ഞള്‍ ഉപയോഗിക്കാം.

പുതിനയില

10-15 പുതിന ഇലകള്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ എടുക്കുക. പുതിനയില പൊടിച്ച് കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടിയ ശേഷം കുറച്ച് മിനിറ്റ് വെയിറ്റ് ചെയ്യുക. അല്‍പസമയത്തിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

ടീ ട്രീ ഓയില്‍

ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ടീ ട്രീ ഓയില്‍ മുഖക്കുരുവിനെ ചികിത്സിക്കാന്‍ മികച്ചതാണ്. പാടുകള്‍ കുറയ്ക്കുന്നതുള്‍പ്പെട വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ടീ ട്രീ ഓയില്‍ സഹായകമാണ്. ഒരു കോട്ടണ്‍ ബോളില്‍ 2-3 തുള്ളി ടീ ട്രീ ഓയില്‍ ഒഴിക്കുക. ശേഷം മുഖക്കുരു പാടുകളുള്ള ഭാഗത്ത് പുരട്ടുക. 2-3 ദിവസം പതിവായി ഇത് ചെയ്യുക. ചര്‍മ്മത്തില്‍ നല്ല വ്യത്യാസം ഉണ്ടാകുന്നത് കാണാം.