മുത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ 22,000 കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തുകൊണ്ട്‌ വിപുലമായ സിഎസ്‌ആര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വര്‍ണ പണയ എന്‍ബിഎഫ്‌സികളില്‍ ഒന്നായ മഞ്ഞ മുത്തൂറ്റ്‌ എന്നറിയപ്പെടുന്ന മുത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ ഇന്ത്യയിലെ വിവിധയിടങ്ങളിലായി ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന 22,000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ നോട്ട്‌ ബുക്കുകള്‍, കുടകള്‍, സ്‌കൂള്‍ ബാഗുകള്‍ തുടങ്ങിയവ വിതരണം ചെയ്‌തു. ശാരീരിക ബുദ്ധിമുട്ടുള്ള നിയമ വിദ്യാര്‍ത്ഥിക്ക്‌ വീല്‍ ചെയറും വിതരണം ചെയ്‌തു. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ്‌ ഇവ വിതരണം ചെയ്‌തത്‌.

വിദ്യാര്‍ത്ഥികള്‍ക്ക്‌ പുറമേ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരത്തോളം കര്‍ഷകര്‍ക്ക്‌ വളം, പാല്‍ കണ്ടെയിനറുകള്‍ എന്നിവയും സ്വയം തൊഴില്‍ ചെയ്യുന്നതിനായി ആയിരത്തിലേറെ പേര്‍ക്ക്‌ തയ്യല്‍ മെഷീനുകള്‍, സൈക്കിളുകള്‍ എന്നിവയും വിതരണവും ചെയ്‌തു. ദക്ഷിണേന്ത്യക്ക്‌ പുറമേ ഡല്‍ഹി, മുംബൈ എന്നീ മേഖലകളിലടക്കം ഒരു കോടി രൂപ ചെലവഴിച്ചാണ്‌ ഈ പ്രവൃത്തികള്‍ നടത്തിയത്‌.

നിയമപരമായ ഒരു ബാധ്യത എന്നതിലുപരിയായി ഒരു ധാര്‍മിക നടപടിയായാണ്‌ കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റിയെ മുത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ കാണുന്നതെന്ന്‌ മൂത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ മാനേജിങ്‌ ഡയറക്ടര്‍ മാത്യു മുത്തൂറ്റ്‌ പറഞ്ഞു. ദീര്‍ഘകാല സുസ്ഥിരത നീക്കങ്ങളുടെ ഭാഗമായാണ്‌ തങ്ങളുടെ സിഎസ്‌ആര്‍ നടപടികള്‍. ഇന്ത്യയിലുടനീളം ബ്രാഞ്ചുകള്‍ തുറക്കുന്നതിനൊപ്പം രാജ്യത്ത്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ വ്യക്തമായ മാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബത്തരാണ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിലൂടെ അവരെ ശാക്തീകരിക്കാനും പുതുതലമുറയുടെ സമഗ്ര വികസനത്തിന്‌ സംഭാവന നല്‍കാനുമാണ്‌ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.