സ്‌കൂള്‍ കുട്ടികളില്‍ വളരെ സാധാരണമായി കാണുന്ന ഒരു രോഗാവസ്ഥയാണ് വയറുവേദന. വയറുവേദനയുടെ പ്രധാന കാരണം കഴിക്കുന്ന ആഹാരമാണ്. ഉദാഹരണത്തിന് ജംഗ് ഫുഡ് ധാരാളം കഴിക്കുകയാണെങ്കില്‍ വയറുവേദന ഉണ്ടാകാം. ജംഗ് ഫുഡില്‍ അടങ്ങിയിരിക്കുന്ന അധിക എണ്ണ, ഉപ്പ്, സോസുകള്‍ എന്നിവയൊക്കെ കുട്ടികളില്‍ ഗ്യാസ്ട്രബിള്‍ ഉണ്ടാകാനും വയറുവേദന ഉണ്ടാകാനുമുളള കാരണങ്ങളാണ്.
കുട്ടികള്‍ക്ക് വയറുവേദന ഉണ്ടാകാനുളള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് എസ് കെ ഹോസ്പിറ്റലിലെ ഡോക്ടര്‍ മീന കൃഷ്ണന്‍ പറയുന്നു;
ഫുഡ് അലര്‍ജി
കഴിക്കുന്ന ആഹാരം വയറിന് പിടിക്കാതെ വരുന്ന അവസ്ഥയാണിത്. അതായത് കവറിലുള്ള ലോലിപോപ്പുകള്‍, മിട്ടായി, ചോക്ലേറ്റ്, കേക്കുകള്‍ ചിലപ്പോള്‍ പാലും പാലുല്‍പ്പന്നങ്ങളും ഇതില്‍പ്പെടും. കൂടാതെ കൊഞ്ച്, കണവ, അങ്ങനത്തെ ചില ഫുഡും കുഞ്ഞിനെ പിടിക്കാതെ വരും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് വയറുവേദന ഉണ്ടാക്കാറുണ്ട്. അലര്‍ജി മൂലമുണ്ടാകുന്ന വയറുവേദനയുടെ കൂടെ ചില കുട്ടികള്‍ക്ക് ചൊറിച്ചില്‍, കഫക്കെട്ട്, മൂക്കൊലിപ്പ്, കഫമുള്ള ചുമ എന്നിവയും ഉണ്ടാകാറുണ്ട്.
ഫുഡ് ഇന്‍ഫക്ഷന്‍
കഴിക്കുന്ന ആഹാരം വഴി വയറുവേദന ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണമാണ് ഫുഡ് ഇന്‍ഫെക്ഷന്‍. അല്ലെങ്കില്‍ ഫുഡ്‌പോയിസണ്‍. പഴകിയ ആഹാരം, റോഡ്‌സൈഡില്‍ തുറന്നു വയ്ക്കുന്ന ആഹാരം തുടങ്ങിയവ കഴിക്കുന്നത് വഴി കുട്ടികളില്‍ വയറുവേദന ഉണ്ടാകാറുണ്ട്. ഇതിലൂടെ ഇന്‍ഫക്ഷന്‍ ഉണ്ടാകാറുമുണ്ട്. ഇന്‍ഫക്ഷന്‍ ആണെന്നുണ്ടെങ്കില്‍ പനി, വയറുവേദന, വയറിളക്കം, മലത്തില്‍ രക്തം എന്നിങ്ങനെ മറ്റു ലക്ഷണങ്ങള്‍ കൂടി കുട്ടിക്ക് ഉണ്ടാകും.
മലബന്ധം
മറ്റൊരു കാരണമാണ് കോണ്‍സ്റ്റിപേഷന്‍ അല്ലെങ്കില്‍ മലബന്ധം. സ്‌കൂള്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ സമയമില്ലായ്മയാണ് ഒരു വലിയ പ്രശ്‌നം. സമയത്തിന് ആഹാരം കഴിച്ചു കഴിഞ്ഞാല്‍ മലം പോകാനുള്ള സാവകാശം കുട്ടികള്‍ക്ക് ഇല്ല എന്നുള്ളതാണ് ഒരു വാസ്തവം. അതിന്റെ കൂട്ടത്തില്‍ ജംഗ് ഫുഡ് കഴിക്കുകയും വെള്ളം കുടിക്കുന്നത് കുറയുമ്പോഴും ഫ്രൂട്ട്‌സും പച്ചക്കറികളും കഴിക്കുന്നത് കുറയുമ്പോഴും മലബന്ധം ഉണ്ടാകാറുണ്ട്. മലബന്ധം കാരണം മലം കട്ടിയാകുന്നു. പിന്നീട് ഇത് കുടലില്‍ നിന്ന് ഒരുപാട് ശക്തിയില്‍ വെളിയിലോട്ട് കളയാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായും കഠിനമായ വയറുവേദന ഉണ്ടാകാറുണ്ട്.
വൈറല്‍ ഫിവര്‍
പനിയുടെ ഭാഗമായിട്ടും കുട്ടികള്‍ക്ക് വയറുവേദന ഉണ്ടാകാറുണ്ട്. അല്ലെങ്കില്‍ പനിയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളായ പാരസെറ്റാമോള്‍, ആന്റിബയോട്ടിക്‌സ് തുടങ്ങിയ മരുന്നുകളുടെ സൈഡ് എഫക്ട് ആയിട്ടും ഗ്യാസ്ട്രബിളും വയറിളക്കവും വയറുവേദനയും ഒക്കെ കണ്ടു വരാറുണ്ട്.
സര്‍ജിക്കല്‍ റീസണ്‍സ്
ഇനി മറ്റൊന്നാണ് സര്‍ജിക്കല്‍ റീസണ്‍സ്. അപ്പന്റിസൈറ്റീസ് അല്ലെങ്കില്‍ കൂടല്‍ മടങ്ങുക, കുടല്‍ ചുരുങ്ങുന്നു..ഇങ്ങനത്തെ രോഗങ്ങള്‍ ഒക്കെ ചെറിയ കുട്ടികളില്‍ കാണപ്പെടാറുണ്ട്. പക്ഷേ ഈ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുണ്ടെങ്കില്‍ തീവ്രമായ വയറുവേദന കുട്ടികളില്‍ അനുഭവപ്പെടാറുണ്ട്.
മാനസിക പിരിമുറുക്കം
തിരക്കേറിയ പഠന രീതി, സ്‌കൂള്‍ കോമ്പറ്റീഷന്‍ എന്നിവ കാരണമുണ്ടാകുന്ന മാനസിക പിരിമുറുക്കം കൊണ്ടും വയറുവേദന വരാറുണ്ട്.
ചെറിയ വയറുവേദന കുട്ടികളില്‍ സാധാരണമാണെങ്കിലും ഒരു ഡോക്ടറെ സമീപിക്കേണ്ടിവരുന്നത് എപ്പോളാണെന്ന് നോക്കാം;
- കഠിനമായിട്ടുള്ള വേദന കാരണം കുട്ടി കരയുകയാണെങ്കില്‍
- വേദന കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍
- വയറുവേദനയ്‌ക്കൊപ്പം പനി ഉണ്ടെങ്കില്‍
- മൂത്രമൊഴിക്കുന്നതിനു ബുദ്ധിമുട്ടനുഭവപ്പെടുകയാണെങ്കില്‍
- വയറിളക്കം
- മലത്തില്‍ രക്തത്തിന്റെ അംശം കാണുകയാണെങ്കില്‍
- വയറ് പെരുകുകയാണെങ്കില്‍
STORY HIGHLIGHTS: Stomach pain in babies, SK Hospital