രണ്ടുകോടി രൂപ മുടക്കി കേരള സര്‍വകലാശാലസെനറ്റ് ഹൗസ് ക്യാമ്പസ്സില്‍ നിര്‍മ്മിച്ച ബാസ്‌ക്കറ്റ് ബാള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നാടകസ്റ്റേജ് സജ്ജമാക്കാന്‍ സര്‍വ്വകലാശാല അനുവദിച്ചത് വിവാദമായതോടെ നാടക അവതരണം മറ്റൊരു വേദിയിലേക്ക് മാറ്റാനും സ്റ്റേഡിയത്തിലെ സ്റ്റേജ് നിര്‍മ്മാണം സൂര്യാ സ്റ്റേജ് സൊസൈറ്റി നിര്‍ത്തിവയ്ക്കാനും തീരുമാനം. കേരളം ആദരിക്കുന്ന എം.ടിയുടെ പേരിലുള്ള ചടങ്ങ് വിവാദമാക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ടാണ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നിന്ന് നാടക അവതരണ വേദി മാറ്റുന്നത്. ചിങ്ങം ഒന്നുമുതല്‍ അഞ്ചുവരെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിനും, കോച്ചിങ്ങിനും, പ്രാക്ടിസിനും മാത്രമേ സ്റ്റേഡിയം അനുവദിക്കാവൂ എന്ന് സര്‍വ്വകലാശാല ചട്ടം മറികടന്നാണ് സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിക്ക് അഞ്ചുദിവസത്തേയ്ക്ക് സ്റ്റേഡിയം അനുവദിച്ചത്. അനുമതി ലഭിച്ചതോടെ സ്റ്റേജ് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. സ്റ്റേഡിയം അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്നും മാറ്റ് ഫിനിഷ് ചെയ്ത സ്റ്റേഡിയം ഗ്രൗണ്ടിന് കേട് സംഭവിക്കുമെന്നും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് ഡയറക്ടര്‍ സര്‍വകലാശാലയെ അറിയിച്ചിട്ടും അത് മറികടന്ന് വിസിയുടെ അനുമതി കൂടാതെ രജിസ്ട്രാര്‍ സ്റ്റേഡിയം അനുവദിക്കു കയായിരുന്നു.
സ്റ്റേഡിയം ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഒഴികെ മറ്റ് ഒരു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യവസ്ഥയുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാടക ആവശ്യത്തിന് രജിസ്ട്രാര്‍ സ്റ്റേഡിയം അനുവദിച്ചത്. എം.ടിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ നോവലുകളില്‍ നിന്നും തെരഞ്ഞെടുത്ത കഥാപാത്രങ്ങളെ അണിനിരത്തി ‘നാലുകെട്ട്’ എന്ന പേരില്‍ നാടകാവിഷ്‌ക്കരണത്തിനു വേണ്ടിയാണ് സ്റ്റേഡിയം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സംസ്‌ക്കാരിക വകുപ്പ് സ്റ്റേജ് തയ്യാറാക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ബാസ്‌ക്കറ്റ്‌ബോള്‍ പ്രാക്ടീസിന് ഒരു മാസക്കാലം സ്റ്റേഡിയം മുന്‍കൂറായി അനുവദിച്ചശേഷം സ്റ്റേഡിയം മറ്റ് ആവശ്യത്തിന് അനുവദിച്ചതില്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ വിസിക്ക് പരാതി നല്‍കിയിരുന്നു. സ്റ്റേഡിയം ഫ്‌ളോറിന്കേട് സംഭവിക്കാന്‍ സാധ്യതയുള്ളതു കൊണ്ട് റോളര്‍ സ്‌കേറ്റിംഗ് പ്രാക്ടീസ് പോലും : സ്റ്റേഡിയം ഗ്രൗണ്ടില്‍ അനുവദിക്കാതിരിക്കുമ്പോഴാണ് നാടക സ്റ്റേജിന് സ്റ്റേഡിയം നല്‍കികൊണ്ടുള്ള ഉത്തരവ്. ഈ ഉത്തരവിന്റെ മറവില്‍ മേലില്‍ മറ്റ് ആവശ്യങ്ങള്‍ക്കും സ്റ്റേഡിയം വിട്ടുനല്‍കുന്നതോടെ ഏതാണ്ട് രണ്ട് കോടിരൂപ മുടക്കി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനും പ്രാക്ടിസിനും വേണ്ടി നിര്‍മ്മിച്ച സ്റ്റേഡിയംകേടാകുമെന്ന ആശങ്കയാണ് സ്‌പോര്‍ട്ട്‌സ് പരിശീലകര്‍ക്ക്.
സ്റ്റേഡിയം അനുവദിച്ചത്‌കൊണ്ട് മുന്‍കൂട്ടി നിശ്ചയിച്ച സര്‍ക്കാരിന്റെ പരിപാടി തടസ്സം കൂടാതെ നടത്താമെന്നും, സ്റ്റേഡിയം ഗ്രൗണ്ടിന് കേ ടുപാട് ഉണ്ടാകരുതെന്നും വിസി വ്യക്തമാക്കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ വേദി മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
content highlights; Drama stage production in basketball stadium: Abandoned by Kerala University