തമിഴ്‌നാട്ടിലെ ചരിത്രപ്രസിദ്ധമായ തിരുവണ്ണാമലയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ മാറിയാണ് പര്‍വ്വതമല സ്ഥിതി ചെയ്യുന്നത്. ഏകദേശം മൂവായിരത്തിഅഞ്ഞൂറടി ഉയരമുള്ള ഈ മലകയറുന്നത് അല്‍പ്പം കഠിനം തന്നെയാണ്. ഒരു ട്രെക്കിങ്ങ് സ്ഥലമെന്നതിനുപരി ഇതൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. രണ്ടായിരം വര്‍ഷത്തോളം പഴക്കം അവകാശപ്പെടുന്ന, ശിവനെ മൂര്‍ത്തിയായി (മല്ലികാര്‍ജ്ജുന്‍) ആരാധിക്കുന്ന ക്ഷേത്രം മലയുടെ ഏറ്റവും മുകളില്‍ നിലകൊള്ളുന്നുണ്ട്. മലകളുടെ മല, മലകളുടെ റാണി എന്നിങ്ങനെ അറിയപ്പെടുന്ന ഈ മലയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. എട്ട് ദിക്കുകളില്‍ നിന്ന് നോക്കുമ്പോള്‍ വ്യത്യസ്തമായ എട്ട് രൂപത്തിലാണ് ഈ മല കാണാന്‍ കഴിയുക.
നിരവധി ഔഷധ സസ്യങ്ങള്‍ വളരുന്ന ഈ മലയ്ക്ക് സിദ്ധര്‍മല എന്ന ഒരു പേരുമുണ്ട്. മലകയറി ചെന്നാല്‍ കാണുന്ന രണ്ട് കാഴ്ചകള്‍ ശിവക്ഷേത്രവും ഒരു ശവകുടീരവുമാണ്. പോലൂരിന് 20 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന തെന്മാടിമംഗലം എന്ന ഗ്രാമത്തിന് സമീപത്തായാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ജാവാധ് മലയുടെ ഭാഗമായ ഈ മലയിലേക്ക് തിരുവണ്ണാമലയില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന കടലാടി ഗ്രാമത്തില്‍ നിന്ന് തെന്മാടിമംഗലം ഗ്രാമം വഴിയാണ് എത്തിച്ചേരേണ്ടത്.
മലമുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മല്ലികാര്‍ജുന ക്ഷേത്രമാണ്. ശിവനെ മല്ലികാര്‍ജുനനായിട്ടാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. പര്‍വ്വത റാണി ആയിട്ടാണ് പാര്‍വ്വതിയെ ഇവിടെ ആരാധിക്കുന്നത്. പര്‍വ്വതമ്മാള്‍, ബ്രഹ്‌മരാംബിക, മരഗതാംബിക എന്നിങ്ങനെയാണ് പാര്‍വ്വതി ഇവിടെ അറിയപ്പെടുന്നത്. ക്ഷേത്രത്തില്‍ മുരുകന്‍, ഗണേശന്‍ എന്നിവരുടെ പ്രതിഷ്ഠകളും കാണാം. ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രത്തിന്റെ കാലപ്പഴക്കം എത്രയാണെന്ന് വ്യക്തമല്ല. 2000 വര്‍ഷം മുന്‍പ് സിദ്ധയോഗികളാണ് ഇവിടുത്തെ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ധ്യാനം ചെയ്യാന്‍ മലമുകളില്‍ എത്തിച്ചേര്‍ന്നവരാണ് സിദ്ധ യോഗികള്‍.
പൗര്‍ണമി നാളില്‍ ക്ഷേത്ര ദര്‍ശനത്തിനായി വളരെയധികം ആളുകള്‍ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. നിലാവത്ത് മലചവിട്ടി വെട്ടം വീഴുന്നതിനു മുന്നേ മലയുടെ മുകളിലെത്താന്‍ സാധിച്ചാല്‍ ഉദയസൂര്യനെ എല്ലാ നിറപകിട്ടോടെയും കാണാന്‍ സാധിക്കും. തുടര്‍ച്ചയായി നാല്‍പ്പത്തെട്ട് പൗര്‍ണമിയും അമാവാസിയും മല കയറി ശിവനെ പൂജിച്ചാല്‍ ചിരഞ്ജീവിയായി മാറുമെന്നാണ് വിശ്വാസം.
പൂജാരി ഇല്ലാത്ത ക്ഷേത്രം എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. വരുന്ന ഏതൊരു ഭക്തനും ഇവിടെ പൂജ ചെയ്യാനാവും. ഇവിടെയൊരു പൂജ ചെയ്യുന്നത് മുന്നൂറ്ററുപത്തഞ്ചു ദിവസം പൂജ ചെയ്യുന്നതിന് സമം എന്നാണ് കണക്കാക്കുന്നത്. വരുന്ന ഭക്തര്‍ക്ക് പാപമോക്ഷം ലഭിച്ച് സ്വര്‍ഗത്തില്‍ പോവാന്‍ സാധിക്കും എന്നും വിശ്വാസികള്‍ കരുതുന്നു. ക്ഷേത്രത്തോട് ചേര്‍ന്ന് ഭക്തജനങ്ങള്‍ക്കായി ഊട്ട് പുരയുണ്ട്. അവിടെനിന്ന് പ്രസാദമായി തൈര് സാദമോ പുളി സാദമോ നല്‍കാറുണ്ട്.
ട്രെക്കിങ് ചെയ്യാനും ഇവിടെ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. ട്രെക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സമയമെന്ന് പറയുന്നത് നവംബര്‍, ഡിസംബര്‍, ജനുവരി എന്നീ മാസങ്ങളാണ്. ആ സമയം അതിരാവിലെ എത്തിയാല്‍ മേഘങ്ങള്‍ പാല്‍കടല്‍പോലെ ഒഴുകി നടക്കുന്നത് കാണാന്‍ സാധിക്കും. മഴക്കാലത്ത് ട്രെക്കിങ്ങ് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കൂടുതലും പാറപുറത്തൂടെയുള്ള യാത്രയായതുകൊണ്ട് വഴുതി വീഴാനുള്ള സാധ്യതകള്‍ ഏറെയാണ്. ശ്രമകരമായ ട്രെക്കിങ്ങ് ആയതിനാല്‍ ചൂടുകാലത്ത് ഇതിന് മുതിരരുത്.
STORY HIGHLIGHTS: Parvathamala Hill Tamil Nadu