നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയില്‍ ബുധനാഴ്ച ഉച്ചയോടെ എയര്‍ ഡൈനസ്റ്റി ഹെലികോപ്റ്റര്‍ തകര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഹെലികോപ്റ്റര്‍ കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട് സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന ക്യാപ്റ്റന്‍ അരുണ്‍ മല്ല പൈലറ്റായ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഹെലികോപ്റ്റര്‍ പറന്നുയരുമ്പോള്‍ നാല് ചൈനീസ് പൗരന്മാരും പൈലറ്റും ഉള്‍പ്പെടെ ആകെ അഞ്ച് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ചൈനീസ് പൗരന്മാര്‍ റാസുവയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 1:54 ന് കാഠ്മണ്ഡുവില്‍ നിന്ന് ഹെലികോപ്റ്റര്‍ പുറപ്പെട്ടതായി ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ടിഐഎ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. സൂര്യ ചൗറില്‍ എത്തിയ ശേഷം 1:57 ഓടെ ഹെലികോപ്റ്ററിന് വിമാനത്താവളവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു. അഗ്‌നിബാധയുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പൈലറ്റ് ഉള്‍പ്പെടെ ഹെലികോപ്റ്ററിലെ അഞ്ച് യാത്രക്കാരും അപകടത്തില്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കാഠ്മണ്ഡുവിനു വടക്കുപടിഞ്ഞാറുള്ള സൂര്യചൗര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ (CAAN) പറയുന്നതനുസരിച്ച്, സംഭവം നടന്നയുടനെ ഒരു ഹെലികോപ്റ്റര്‍ (9N-ANL) തകര്‍ന്ന സ്ഥലത്തേക്ക് അയച്ചു. അപകടസ്ഥലത്ത് നിന്ന് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും പൈലറ്റായ അരുണ്‍ മല്ലയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒരു മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ മരിച്ചയാളിനെ സ്ഥിതീകരിച്ചിട്ടില്ല. അപകടസ്ഥലത്തെത്തിയ നുവകോട്ട് ജില്ലാ പോലീസ് ഓഫീസിലെ പോലീസ് സൂപ്രണ്ട് (എസ്പി) ശാന്തിരാജ് കൊയ്രാള അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. ജൂലൈ 24ന് ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ശൗര്യ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് ആഴ്ചകള്‍ക്കകമാണ് ഈ അപകടം. സമീപ വര്‍ഷങ്ങളില്‍ നിരവധി വിമാനാപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഹിമാലയന്‍ രാഷ്ട്രത്തിന്റെ ആകാശത്തിലെ വ്യോമ സുരക്ഷയെക്കുറിച്ച് ഈ ഏറ്റവും പുതിയ സംഭവം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.
Content Highlights: Nine killed in helicopter crash in Nepal, Air Dynasty helicopter crashed