തിരുവനന്തപുരം റയില്‍വേ ട്രാക്കിനടിയില്‍ കൂടി കടന്ന് പോകുന്ന ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനായി ഇറങ്ങിയ തൊഴിലാളി മരണപ്പെട്ടതിന് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ ആവശ്യമായ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിന് കീഴിലുളള വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര റയില്‍ വകുപ്പ് മന്ത്രി അശ്വനി വൈഷണവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് ലോകസഭയില്‍ മറുപടി നല്‍കി.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനായി ഇറങ്ങിയ തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വെളളപ്പൊക്കത്തിന് കാരണമാകുന്ന സംസ്ഥാനത്തെ റയില്‍വേ ട്രാക്കിന് അടിയിലൂടെയുളള തോടുകളും ഓടകളും ഖരമാലിന്യങ്ങള്‍ കൊണ്ട് അടയുന്നത് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രറെയില്‍വേ മന്ത്രി. റയില്‍വേ സ്റ്റേഷനുകളും റയില്‍വേ ട്രാക്കുകളും വൃത്തിയായി സൂക്ഷിക്കുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും നിലവിലുളള നിയമ വ്യവസ്ഥകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആമയിഴഞ്ചാന്‍ തോട് സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജലവിഭവ വകുപ്പാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തോട്ടിലേയ്ക്ക് ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. റയില്‍വേ ട്രാക്കിന് അടിയിലൂടെ പോകുന്ന തോട് ഉള്‍പ്പെടെ വൃത്തിയാക്കുന്നതിനുളള ഉത്തരവാദിത്വം ജലവിഭവ വകുപ്പിനും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കുമാണ്. വര്‍ഷങ്ങളായി ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതും സംസ്ഥാന സര്‍ക്കാരാണ്.
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം റയില്‍വേ ട്രാക്കിന് അടിയിലൂടെയുളള ആമയിഴഞ്ചാന്‍ തോടിന്റെ ഒരു ഭാഗം വൃത്തിയാക്കാനുളള ഉത്തരവാദിത്വം റയില്‍വേ ഏറ്റെടുത്തതാണ്. അതിന്റെ ഭാഗമായാണ് കരാര്‍ തൊഴിലാളിയെ ജോലിക്കായി റയില്‍വേ നിയോഗിച്ചത്. ആമയിഴഞ്ചാന്‍ തോടുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ലോകസഭയില്‍ മന്ത്രി ഉത്തരം നല്‍കി.
CONTENT HIGHLIGHTS; Joy’s death in Amayizhanchan river: Central Railway Minister has submitted a report to fix the compensation