ലോകത്തിലെ വളരെ പ്രശസ്തമായ ഒരു വെള്ളച്ചാട്ടമാണ് നയാഗ്ര. ഇന്ത്യയുടെ നയാഗ്ര എന്നാണ് ഹൊഗനക്കലിനെ അറിയപ്പെടുന്നത്. കര്‍ണാടകയിലാണ് ഈ വെളളച്ചാട്ടം സ്ഥിതിചെയ്യുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിന് സമാനമായ ഒരു വെള്ളച്ചാട്ടമായതിനാലാകാം ഹൊഗനക്കലിന് ഇന്ത്യയുടെ നയാഗ്ര എന്ന പേര് ലഭിച്ചത്. ഒന്നിലധികം വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ് നയാഗ്ര. ഇതിന് സമാനമായി ഹൊഗനക്കലിലും നിരവധി വെള്ളച്ചാട്ടങ്ങളുടെ ഒരു വന്‍ നിര കാണുവാന്‍ സാധിക്കും. വളരെ പ്രത്യേകതയുള്ള ഒരു പേര് കൂടിയാണ് ഹൊഗനക്കല്‍ എന്നത്. എങ്ങനെയായാണ് ഈ മനോഹരമായ വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചതെന്നറിയാമോ?
ഒരു കന്നഡ വാക്കാണിത്. കന്നഡയില്‍ ഹൊഗെ എന്നാല്‍ പുകയാണ്. കല്‍ എന്നാല്‍ പാറ. ഈ സ്ഥലത്ത് നിന്ന് നോക്കിയാല്‍ മുകളില്‍ നിന്നുള്ള വെള്ളം പാറകളിലൂടെ താഴേക്ക് ഒഴുകുമ്പോള്‍ ഒരു പുക പോലെയാണ് തോന്നുക. ഇത്തരത്തിലാകാം ഈ സ്ഥലത്തിന് ഹൊഗനക്കല്‍ എന്ന പേര് ലഭിച്ചത്. ഒരു കൂട്ടം വെള്ളച്ചാട്ടങ്ങളാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഒരു സ്ഥലത്തു തന്നെ പത്തെണ്ണം വരെ കാണാനും സാധിക്കും. മഴക്കാലത്താണ് ഇതിന്റെ ഭംഗി പൂര്‍ണ്ണമാകുന്നത്. പക്ഷേ വേനലില്‍ വെള്ളച്ചാട്ടങ്ങളുടെ അടുത്തു വരെ പോകാന്‍ സാധിക്കും.
റോജ, ദൗത്യം, ഹിന്ദി ചിത്രമായ അശോക തുടങ്ങി നൂറുകണക്കിന് മലയാളം, തമിഴ്, കന്നട, ഹിന്ദി സിനിമകള്‍ക്ക് സുന്ദരപശ്ചാത്തലമൊരുക്കിയിട്ടുണ്ട് ഈ മനോഹര മലയോരം. ഈ വെള്ളച്ചാട്ടങ്ങളുടെ തെക്ക് ഭാഗം തമിഴ് നാടും വടക്കു ഭാഗം കര്‍ണാടകയുമാണ്. ഹൊഗനക്കലിലെ പ്രധാന ആകര്‍ഷണം കാവേരിനദിയിലൂടെ വട്ടത്തോണിയിലുള്ള യാത്രയാണ്. പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞ കുട്ടകളാണ് ഇവിടെ തോണിയായി ഉപയോഗിക്കുന്നത്. കണ്ടാല്‍ ചെറുതെന്ന് തോന്നാമെങ്കിലും എട്ടുപേര്‍ക്ക് വരെ ഒരു തോണിയില്‍ യാത്ര ചെയ്യാം. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കണമെങ്കില്‍ കുട്ടവഞ്ചി സവാരി നടത്തണം.500 രൂപ മുതലാണ് കുട്ടവഞ്ചിയുടെ നിരക്ക്.
വര്‍ഷം മുഴുവനും നദി ഒഴുകുന്നതിനാല്‍ ഹൊഗനക്കല്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. ഒരുമണിക്കൂര്‍ കൊട്ടത്തോണിയില്‍ കറങ്ങാം. ഇവിടത്തുകാര്‍ ഈ കൊട്ടത്തോണിയെ പെരിസല്‍ എന്നുംപറയും. പ്രകൃതി വെട്ടിയൊരുക്കിയ പാറയിടുക്കുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദിയിലൂടെ തുഴഞ്ഞുതുഴഞ്ഞ് പോകണം. നമുക്കും ഈ തോണി തുഴയാന്‍ സാധിക്കും. സാധാരണ വള്ളം തുഴയുന്നതില്‍ നിന്നും വ്യത്യസ്തമാണ് ഈ കുട്ടവഞ്ചികള്‍ തുഴയുന്നത്. ചിലപ്പോഴൊക്കെ നേരെയും ചിലപ്പോള്‍ വൃത്തകൃതിയിലുമാണ് ഈ തുഴച്ചില്‍. വളരെ സാഹസികമായ സവാരിയാണിത്.
STORY HIGHLIGHTS: Hogenakkal Waterfalls Karnataka