ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രതിഷേധം അറിയിച്ചതായി കേന്ദ്ര കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്സഭയിൽ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. 100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. സംഭവത്തിന് പിന്നാലെ പിടി ഉഷയോട് പ്രധാനമന്ത്രി സംസാരിച്ചു. ഉചിതമായ നടപടി എടുക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ, യുണൈറ്റഡ് വേൾഡ് റെസ്ലിങിനൊപ്പം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയില്‍ വിശദീകരിച്ചു.
”പാരിസിൽ ഇന്ത്യൻ സംഘത്തിനൊപ്പമുള്ള ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. താരത്തെ അയോഗ്യയാക്കിയതിനെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകി. പരിശീലകൻ ഉൾപ്പെടെ താരം ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഹംഗേറിയൻ പരിശീലകനും ഫിസിയോകളും താരത്തിനൊപ്പമുണ്ട്. സ്‌പെയിനിൽ പരിശീലനത്തിന് പോകാനും ഒളിമ്പിക്‌സ് തയ്യാറെടുപ്പുകൾക്ക് വേണ്ടിയും സർക്കാർ ധനസഹായം നൽകിയിരുന്നു. ഹംഗറിയിൽ പോകാനും റഷ്യയിൽ നടന്ന അന്താരാഷ്‌ട്ര ക്യാമ്പിൽ പങ്കെടുക്കാനും സർക്കാർ സഹായിച്ചിരുന്നു. ”കായിക മന്ത്രി പറഞ്ഞു.
അതേസമയം വിനേഷിനെ ആശ്വസിപ്പിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. പാരിസ് ഒളിമ്പിക്സിലെ വിനേഷിന്റെ പോരാട്ടം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതാണെന്നും രാജ്യത്തെ ജനങ്ങളുടെ മനസിൽ വിനേഷ് ചാമ്പ്യനാണെന്നും രാഷ്‌ട്രപതി ദൗപദി മുർമു പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് വിനേഷെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.
ഗുസ്തിയിൽ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരിക്കാനിരിക്കെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. രാവിലെ നടന്ന ഭാരപരിശോധനയിൽ അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലായതിനെ തുടർന്നാണ് താരത്തെ അയോഗ്യയാക്കിയത്.
എന്നാൽ ഫൈനൽ മത്സരത്തിന് മുമ്പുതന്നെ ഭാരം കൂടുതലാണെന്ന കാര്യം വിനേഷും പരിശീലകരും മനസിലാക്കിയിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെയുള്ള ഭാര പരിശോധനയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നത് ഒഴിവാക്കാൻ രാത്രിമുഴുവൻ കഠിനാദ്ധ്വാനം നടത്തുകയായിരുന്നു.
50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് മത്സരിക്കേണ്ടത് എന്നതിനാൽ ഭാരം അമ്പതുകിലോഗ്രാമിനുള്ളിൽ തന്നെ നിലനിറുത്താൻ വേണ്ടിയുള്ള കഠിന ശ്രമമാണ് നടത്തിയത്. ഇന്നലെ മത്സരം കഴിഞ്ഞപ്പോഴാണ് ഭാരക്കൂടുതൽ ഉള്ളത് ശ്രദ്ധയിൽപ്പെട്ടത്. എങ്ങനെയും ഭാരം കുറയ്ക്കാനായി ശ്രമം. ഇതിനായി ഭക്ഷണം പോലും ഉപേക്ഷിച്ചു. സെമിക്കുശേഷം ഒരിറക്ക് വെള്ളം പോലം കുടിച്ചില്ല. രാത്രിമുഴുവൻ സൈക്ലിംഗ് ഉൾപ്പടെയുള്ള കഠിന വ്യായായമുറകളും ചെയ്തു. ഇത്രയൊക്കെ കഠിന പരിശ്രമം നടത്തിയിട്ടും ഒന്നും വിജയം കണ്ടില്ല. എന്നുമാത്രമല്ല, കഠിന വ്യായാമം വിനേഷിനെ ആശുപത്രിയിലുമാക്കി. അയോഗ്യയാക്കാനുള്ള തീരുമാനം എത്തുമ്പോൾ വിനേഷ് തീരെ അവശയായി ആശുപത്രിയിലായിരുന്നു എന്നാണ് റിപ്പോർട്ട്.