ഭൂമിയിലെ മനോഹരമായ സ്ഥലമാണ് ഡെന്മാർക്ക്. അവിടെ പ്രകൃതി നമുക്ക് അവിശ്വസനീയമായ പലതും ഒരുക്കി വച്ചിട്ടുണ്ട്. എന്നാൽ ജുട്ട്‌ലാൻഡിലെ സ്‌കാഗന്റെ വടക്കുള്ള ഉപദ്വീപായ ഗ്രെനന്റെ അറ്റത്ത്, അദ്ഭുതപ്പെടുത്തുന്ന ഒന്നുണ്ട്. ഇവിടെയാണ് ബാൾട്ടിക് കടൽ എതിർദിശയിൽ നിന്ന് വരുന്ന വടക്കൻ കടലുമായി സംഗമിക്കുന്നത്. വ്യത്യസ്‌ത സാന്ദ്രതയുള്ള രണ്ട് കടലുകൾ കൂടിച്ചേരുന്നയിടമാണിത്. പക്ഷേ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ രണ്ടു കടലുകളും ഒരിക്കലും കൂടിച്ചേരുന്നില്ല എന്നതാണ്. അതുപോലെ ഏറ്റുമുട്ടുന്ന രണ്ട് കടലുകൾക്കിടയിൽ ആളുകൾക്ക് നിൽക്കാൻ കഴിയുന്ന വളരെ കുറച്ച് സ്ഥലങ്ങളേ ലോകമെമ്പാടുമുള്ളൂ. ഗ്രെനെൻ അതിലൊന്നാണ്. ദശലക്ഷക്കണക്കിന് വർഷങ്ങളായി കൂട്ടിയിടിച്ച്, സ്കഗെറാക്ക്, കട്ടേഗട്ട് കടലുകൾ ഒരു നീണ്ട മണൽപ്പാടം ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്, അതായത് രണ്ട് കടലുകൾ സംഗമിക്കുന്ന ആ ഭൂമിയിൽ നമുക്ക് നിർഭയത്തോടെ നിൽക്കാം.
ഡെൻമാർക്കിലെ ജുട്ട്‌ലാൻഡിന്റെ വടക്കേ അറ്റത്താണ് ഭൂമിയിലെ ഈ അസാധാരണ പ്രതിഭാസം. സ്കഗൻ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമാണ്, അവിടെ എല്ലാ വർഷവും ചിത്രകാരന്മാരും ഫൊട്ടോഗ്രാഫർമാരും ഒഴുകി എത്താറുണ്ട്, കാരണം രണ്ട് കടലുകളുടെ ഏറ്റവും മികച്ച കാഴ്ചകൾ അവിടെയാണ് ആസ്വദിക്കാനാവുക. അവിടെ ബാൾട്ടിക് കടലും വടക്കൻ കടലും ഒരു ഘട്ടത്തിൽ കൂടിച്ചേരുകയും വെള്ളത്തിന്റെ ഉപരിതലത്തിൽ വെളുത്ത നുരകളുടെ ഒരു വര പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.അതിമനോഹരവും അതിനേക്കാൾ ഉപരി അദ്ഭുതപ്പെടുത്തുന്നതുമായ ഒരു കാഴ്ചയാണത്. രണ്ട് കടലുകളുടെയും സാന്ദ്രതയിലും ലവണാംശത്തിലും ഉള്ള വ്യത്യാസം മൂലമുണ്ടാകുന്ന അവിശ്വസനീയമായ പ്രകൃതി പ്രതിഭാസമാണിത്. രണ്ട് കടലുകളുടെയും പ്രവാഹങ്ങൾ വിപരീത ദിശകളിൽ നിന്നാണ് വന്നത്.അവയുടെ പ്രവാഹങ്ങൾ ഒഴുകുന്നിടത്തോളം, അവയെ പരസ്പരം വേർതിരിക്കുന്ന മനോഹരമായ രേഖ എപ്പോഴും ഉപരിതലത്തിൽ കുമിളകളായി നിലകൊള്ളും.
രണ്ടു കടലുകളും ഒന്നിക്കുമ്പോൾ രൂപപ്പെടുന്ന വ്യത്യസ്ത രൂപമാറ്റം മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ഈ രണ്ടു കടലുകൾ കൂടിച്ചേരുന്ന ഒരു തീരം കൂടിയുണ്ട് അതാണ് ഗ്രെനൻ. നീണ്ടതും ഇടുങ്ങിയതുമായ രൂപവും മരക്കൊമ്പിനോട് സാമ്യവും ഭൂപ്രദേശത്തിന് പുറത്തേക്ക് നീണ്ടുകിടക്കുന്ന രീതിയും കാരണമാണ് ‘ശാഖ’ എന്നു വിവർത്തനം ചെയ്യുന്ന ഗ്രെനൻ എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്. സ്കഗന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന നാല് കിലോമീറ്റർ നീളമുള്ള വളഞ്ഞ മണൽത്തിട്ടയുടെ കൊടുമുടി അക്ഷരാർത്ഥത്തിൽ ഡെന്മാർക്കിന്റെ അങ്ങേയറ്റം ആണെന്ന് പറയാം. സ്‌കാഗെറാക്കും (വടക്കൻ കടൽ), കട്ടേഗട്ടും (ബാൾട്ടിക് കടൽ ) ഒരുമിച്ച് സംഗമിക്കുന്ന മണൽത്തീരമാണത്. അവിടെ ആയിരിക്കുമ്പോൾ നിങ്ങളുടെ ഒരു കാൽ വടക്കൻ കടലിലും മറ്റേത് ബാൾട്ടിക് കടലിലും ആയിരിക്കും. രണ്ടു കടലുകളും ഒരേസമയം അനുഭവിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. ഈ സ്ഥലം വിനോദസഞ്ചാരികൾക്കിടയിൽ എൻഡ് ഓഫ് ദ വേൾഡ് അഥവാ ലോകാവസാനം എന്നും അറിയപ്പെടുന്നുണ്ട്.