Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; മുന്‍കൂര്‍ ജാമ്യം തേടി അഖില്‍ മാരാര്‍ ഹൈക്കോടതിയില്‍- AKHIL MARAAR

ഹർജിയിൽ സർക്കാരിൻ്റെ വിശദീകരണം തേടിയ കോടതി വിഷയം വീണ്ടും പരിഗണിക്കാനായി മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ സർക്കാരിൻ്റെ വിശദീകരണം തേടിയ കോടതി വിഷയം വീണ്ടും പരിഗണിക്കാനായി മാറ്റി.

കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഐപിസിയിലെ 192, 45 എന്നീ വകുപ്പുകൾ പ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

ഇതിനിടെ മുഖ്യമന്ത്രിക്കെതിരെയും ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചാരണങ്ങള്‍ നടത്തിയ അഖില്‍ മാരാര്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്തു. ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭാവന ചെയ്തതിന്റെ രേഖയും അഖില്‍ മാരാര്‍ പങ്കുവെച്ചിട്ടുണ്ട്.