രാജ്യത്തെ ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് എ.ജി.ഒയ്ക്കുള്ള പുരസ്‌കാരം ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള( ലിഫോക്ക് )ഏറ്റുവാങ്ങി. നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗാനൈസേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച 14-മത് ദേശീയ അവയവദിനാചരണ പരിപാടിയില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലില്‍ നിന്നും ലിഫോക്ക് ചെയര്‍മാന്‍ രാജേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി വിനു നായര്‍, ട്രഷറര്‍ ബാബു കുരുവിള എന്നിവര്‍ ഏറ്റുവാങ്ങി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗാനൈസേഷനാണ് (നോട്ടോ )ഈ വര്‍ഷം രാജ്യത്തെ ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് എന്‍. ജി. ഒയായി ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയെ തെരഞ്ഞെടുത്തത്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ഓര്‍ഗനൈസേഷന്‍ ആണ് ലിഫോക്കിനെ മികച്ച എന്‍. ജി. ഒ ആയി തെരഞ്ഞെടുക്കാന്‍ കേരളത്തില്‍ നിന്ന് നോമിനേറ്റ് ചെയ്തത്.
കരള്‍ മാറ്റിവെക്കലിന് വിധേയരായവര്‍ക്കും കരള്‍ ദാതാക്കള്‍ക്കും കരള്‍രോഗം ബാധിച്ചവര്‍ക്കും ആവശ്യമായ സഹായം നല്‍കി മികച്ച മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്. കേരളത്തിലുടനീളം നിരവധി ബോധവല്‍ക്കരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിച്ചുകൊണ്ട് ലിഫോക്ക് ജനങ്ങളെ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായ വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവശ്യസഹായവും വിവരങ്ങളും എത്തിക്കുന്നതിലും ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള മുന്നിലാണ്.
ചടങ്ങില്‍ നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ മുഖ്യാതിഥിയായി. കേന്ദ്ര ഹെല്‍ത്ത് സെക്രട്ടറി അപൂര്‍വ ചന്ദ്ര, നാഷനല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.