വർഷങ്ങൾക്കു മുൻപ് തന്റെ ആട്ടിൻപറ്റങ്ങളുമായി ഒരു ഇടയൻ റുമേനിയയിലെ ഈ കാട്ടിലേക്കു കയറിപ്പോയി. അദ്ദേഹത്തെ പിന്നെ ആരും കണ്ടിട്ടില്ല. അദ്ദേഹം മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ ആടുകളെയും! ഇതൊരു കഥയാണ്. ഡ്രാക്കുള പ്രഭുവിന്റെ പേരിനാൽ ശ്രദ്ധേയമായ ട്രാൻസിൽവാനിയയുടെ ഹൃദയഭാഗത്തുള്ള ഒരു വനത്തെപ്പറ്റി അവിടുത്തുകാർ പറഞ്ഞുപരത്തുന്ന കഥ. ആ വനത്തിനു പക്ഷേ പഴയ ആട്ടിടയന്റെ പേരാണിട്ടിരിക്കുന്നത് ഹൊയ്‌യ ബസിയു. വെറുതെ പറയുന്നതല്ല, അരനൂറ്റാണ്ടായി പ്രേതാന്വേഷികളും ശാസ്ത്രജ്ഞരും ഉൾപ്പെടെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഈ വനത്തിന്റെ ദുരൂഹസ്വഭാവം. അജ്ഞാതവും നിഗൂഢവുമായ പ്രതിഭാസങ്ങളാല്‍ കുപ്രസിദ്ധമാണ് ഇവിടം. റുമേനിയയുടെ ബര്‍മുഡാ ട്രയംഗിള്‍ എന്നാണ് ഈ സ്ഥലത്തിന്റെ ഓമനപ്പേര്. തദ്ദേശവാസികളുടെ പേടി സ്വപ്‍നമായിരുന്ന ഈ കാടുകള്‍ ലോകശ്രദ്ധയിലേക്ക് വരുന്നത് അരനൂറ്റാണ്ട് മുമ്പാണ്. എമില്‍ ബാര്‍ണിയ എന്ന മിലിറ്ററി ടെക്നീഷ്യന്‍ 1968 ഓഗസ്റ്റ് 18 നു ഇവിടെ നിന്നൊരു ചിത്രം പകര്‍ത്തി. ഒരു പറക്കും തളിക ആയിരുന്നു അത്! അതോടെ ഈ കാടുകള്‍ ലോകപ്രസിദ്ധമായി.
പിന്നീട് പലരും ഇത്തരത്തിൽ പറക്കുതളികയ്ക്കു സമാനമായ കാഴ്ചകളും രാത്രിയിൽ അസാധാരണമായ വെളിച്ചങ്ങളും കാടിനു മുകളിൽ കണ്ടു. 1960കളിൽതന്നെ അലെയാന്ദ്രു സിഫ്റ്റ് എന്ന ജീവശാസ്ത്ര അധ്യാപകൻ കാട്ടിലെ വെളിച്ചത്തെപ്പറ്റിയും അസാധാരണ പ്രതിഭാസങ്ങളെപ്പറ്റിയും പഠിച്ചിരുന്നു. ഇതുവഴി ഒട്ടേറെ ഫോട്ടോകളും അദ്ദേഹം ശേഖരിച്ചു. പക്ഷേ 1993ൽ അദ്ദേഹം അന്തരിച്ച് ദിവസങ്ങൾക്കകം ദുരൂഹസാഹചര്യത്തിൽ ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായി. രാത്രികാലങ്ങളില്‍ പ്രകാശ ഗോളങ്ങള്‍ ഈ കാടിനു മുകളില്‍ കാണാമെന്നു പ്രദേശവാസികള്‍ പറയുന്നു. കാടിന് സമീപത്തു കൂടെ പോകുന്നവർക്കു പോലും ആരോ കാട്ടിന്നകത്തു നിന്ന് തങ്ങളെ നിരീക്ഷിക്കുന്ന തോന്നലുണ്ടാകുന്നത് പതിവാണ്. ക്ലൂഷ്–നാപോക്കയിൽ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കൾ കാലങ്ങളായി വനത്തിലെ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതാണെന്നും പലരും വിശ്വസിക്കുന്നു.
മാത്രമല്ല പലപ്പോഴും സ്ത്രീകളുടെ അലറിക്കരച്ചിലുകളും അടക്കം പറച്ചിലുകളുമൊക്കെ കേള്‍ക്കാമത്രേ. ഈ കാടിനു സമീപത്തുകൂടി പോകുന്നവക്ക് കാടിനകത്തു നിന്നും ആരോ തങ്ങളെ നിരീക്ഷിക്കുന്നതായി തോന്നുമെന്നും പറയപ്പെടുന്നു. ഹൊറര്‍ സിനിമകളിലും കഥകളിലും മാത്രം കേട്ടിട്ടുള്ള തരം കൂറ്റൻ ചെന്നായ ഉൾപ്പെടെ പലതരം അജ്ഞാത മൃഗങ്ങളെ കണ്ടതും പല മരങ്ങളിലും മനുഷ്യരുടെ തലകൾ കണ്ടതുമായ കഥകളുമൊക്കെ പ്രചാരത്തിലുണ്ട്. ധൈര്യം സംഭരിച്ച് കാട്ടിലേക്ക് കയറിയവർക്കും പണി കിട്ടിയിട്ടുണ്ട്– ദേഹമാകെ ചൊറിച്ചിൽ, ആരോ ആക്രമിച്ചതു പോലെ മുറിവുകൾ, തൊലിപ്പുറത്ത് പൊള്ളലേൽക്കുന്ന അവസ്ഥ അങ്ങനെയങ്ങനെ. കാട്ടിനകത്തു കയറുമ്പോൾ തന്നെ അസാധാരണമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥ; എന്നാല്‍ കാടിനു പുറത്തു തിരികെയെത്തി ക്യാമറ പരിശോധിച്ചപ്പോഴാണ് മറ്റു ചിലര്‍ ഞെട്ടിയത്. കാട്ടില്‍ വെച്ചെടുത്ത ചിത്രങ്ങളില്‍ തങ്ങളെ കൂടാതെ മറ്റു ചിലരുടെ രൂപങ്ങളും കൂടി പതിഞ്ഞിരിക്കുന്നു. ആ രൂപങ്ങളൊക്കെ നിഴലുകളെപ്പോലെ അവ്യക്തമായിരുന്നു.
ചിലർക്കെല്ലാം തലചുറ്റലും ഛർദ്ദിയും. പുറത്തിറങ്ങിയാലും വിട്ടുമാറാത്ത തലവേദനയാണ് മറ്റൊരു പ്രശ്നം. കാട്ടിലേക്ക് കയറിയവർക്ക് തിരികെയിറങ്ങുമ്പോൾ അവർക്ക് അത്രയും നേരം ഹൊയ്‌യ ബസിയുവിൽ എന്തു ചെയ്തെന്ന് ഓർമയുണ്ടാകില്ലെന്നും ചിലർ പറയുന്നു. അഞ്ചുവയസ്സുകാരിയായ പെൺകുട്ടി ഒരിക്കൽ ഈ കാട്ടിൽ അകപ്പെട്ടു. പിന്നീടവളെ കാണുന്നത് അഞ്ചു വർഷങ്ങൾക്കു ശേഷമാണ്. പക്ഷേ അപ്പോഴും ആ കാട്ടിനകത്തു വച്ച് തനിക്കെന്താണു സംഭവിച്ചതെന്ന് അവൾക്ക് ഓർമയുണ്ടായിരുന്നില്ല. മാത്രവുമല്ല അഞ്ചു വർഷം മുൻപ് ധരിച്ച അതേ വസ്ത്രത്തിന് യാതൊരു കേടുപാടുകളുമുണ്ടായിരുന്നില്ല. വനത്തിനു നടുവിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന പുൽപ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം. പറക്കുംതളികകൾ ഇറങ്ങുന്ന ഇടമാണിതെന്നും ആത്മാക്കളെ നിയന്ത്രിക്കുന്ന ചെകുത്താൻ കുടികൊള്ളുന്നത് ഈ പുല്‍പ്രദേശത്താണെന്നും കഥകളുണ്ട്. ഈ പ്രദേശം തേടി ഇന്നും നിരവധി സാഹസിക സഞ്ചാരികള്‍ എത്തുന്നുണ്ട്.