കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ചു പേർക്ക് ദാരുണാന്ത്യം. മരിച്ച നാലു പേർ ചൈനീസ് വിനോദ സഞ്ചാരികളും ഒരാൾ ഹെലികോപ്റ്റർ പൈലറ്റുമാണ്.
നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം നടന്നതെന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു. എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനസ്റ്റി.
കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകര്‍ന്നുവീണത്. പൈലറ്റായ സീനിയര്‍ ക്യാപ്റ്റന്‍ അരുണ്‍ മല്ലയടക്കം അഞ്ചു പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അപകടസ്ഥലത്ത് നിന്ന് മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി നുവകോട്ട് ജില്ലാ ഓഫിസർ രാം കൃഷ്ണ അധികാരി പറഞ്ഞു.
നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണ് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പുതിയ അപകടം. വിമാനത്തിലുണ്ടായിരുന്ന 19 പേരില്‍ പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. ബാക്കി 18 പേരും മരിച്ചു. 2019ൽ മറ്റൊരു എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും മരിച്ചിരുന്നു.