ജന്മാഷ്ടമി ദിനത്തിൽ 100 കോടി വില മതിക്കുന്ന ആഭരണങ്ങളുമായി ഓടക്കുഴലുമേന്തി നിലകൊള്ളുന്ന കാർവർണ്ണൻ . മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഫുൾബാഗിലാണ് ഇത്തരമൊരു കൃഷ്ണ ക്ഷേത്രം ഉള്ളത് . ക്ഷേത്രത്തിലെ ശ്രീകൃഷ്ണന്റെയും രാധയുടെയും വിഗ്രഹങ്ങൾ സ്വർണ്ണവും വിലയേറിയ രത്ന കല്ലുകളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത് . ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് രാജ്യത്തിനകത്തും പുറത്തുനിന്നും ഈ ക്ഷേത്രത്തിലേക്ക് വരുന്നത് . കാരണം, ജന്മാഷ്ടമി ദിനത്തിൽ ഈ കള്ളക്കണ്ണന് സൗന്ദര്യം അൽപ്പം കൂടുമെന്നത് തന്നെ . എന്നാൽ വരുന്ന ഭക്തർക്ക് ആ സമയങ്ങളിൽ ക്ഷേത്രത്തിനകത്ത് പ്രവേശനമില്ല .
1921 ൽ ഗ്വാളിയോറിലെ മുൻ രാജകുടുംബമായ സിന്ധ്യ രാജവംശമാണ് ഇത് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഇതിനുശേഷം, സിന്ധ്യയിലെ നാട്ടുരാജ്യമായ മഹാരാജ് മാധവറാവു അത് പുതുക്കിപ്പണിതു . സിന്ധ്യകളാണ് ഈ ആഭരണങ്ങൾ ക്ഷേത്രത്തിനു സമ്മാനിച്ചത് . സ്വാതന്ത്ര്യാനന്തരം സിന്ധ്യ രാജവംശം ഈ ക്ഷേത്രത്തിന്റെ പരിപാലനവും ആഭരണങ്ങളും ഇന്ത്യൻ സർക്കാരിന് കൈമാറി. ഈ ആഭരണങ്ങൾ സാധാരണയായി ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുകയും എല്ലാ വർഷവും കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് വിഗ്രഹങ്ങളിൽ ചാർത്താൻ കൊണ്ടുവരികയും ചെയ്യുന്നു.ഗ്വാളിയർ മുനിസിപ്പൽ കോർപ്പറേഷൻ ആണ് ഈ ആഭരണങ്ങളുടെ സൂക്ഷിപ്പുകാർ.
ഈ ആഭരണങ്ങളും വെള്ളി പാത്രങ്ങളും ജന്മാഷ്ടമിയ്ക്ക് തലേ ദിവസം പോലീസിന്റെയും അധികൃതരുടെയും സാന്നിദ്ധ്യത്തിലാണ് പുറത്തെടുക്കുക . ആരാധനയ്ക്ക് ശേഷമാണ് രാധയുടെയും കൃഷ്ണന്റെയും വിഗ്രഹങ്ങൾ ഈ ആഭരണങ്ങളും രത്നകല്ലുകളും കൊണ്ട് അലങ്കരിക്കുക. ആഭരണങ്ങൾ ചാർത്തി കഴിഞ്ഞാൽ പിന്നെ ക്ഷേത്രം നൂറു കണക്കിന് പോലീസുകാരുടെയും, ക്യാമറകളുടെയും കർശന നിരീക്ഷണത്തിലാകും .ജന്മാഷ്ടമി വേളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളുടെ മാത്രം വില എട്ട് കോടി രൂപയാണ് . മുത്തുകളുടെയും മരതകത്തിൻറെയും നെക്ലേസുകളും മൂന്ന് കിലോയോളം തൂക്കമുള്ള മാണിക്യം പതിച്ച കിരീടവും ആഭരണങ്ങളിൽ ഉൾപ്പെടുന്നു. ഈ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ശേഷം അർദ്ധരാത്രിയിലാണ് ക്ഷേത്രത്തിൽ നിന്ന് ജില്ലാ ട്രഷറിയിൽ എത്തിക്കുന്നത് . രാവിലെ, ഇവ വീണ്ടും ബാങ്ക് ലോക്കറിൽലേക്ക് മാറ്റും .
Story Highlights: Krishna idol with 100 crores worth of ornaments Rituals at Krishna temple in Gwalior