ചരിത്രവും പ്രകൃതി ഭംഗിയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരിടം തിരുവനന്തപുരത്തിന് അടുത്തുണ്ട്. തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ മാര്‍ത്താണ്ഡത്തിനടുത്തുള്ള ചിതറാല്‍ ആണ് ആ സ്ഥലം. കന്യാകുമാരി ജില്ലയിലെ ചിതറാല്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ അതിശയകരമായ രണ്ട് സ്മാരകങ്ങള്‍ ഉണ്ട്. ഇവയിലൊന്ന് പുറം ഭിത്തിയില്‍ ഘടിപ്പിച്ച ഒരു ജൈന ക്ഷേത്രവും മറ്റൊന്ന് കല്ല് കൊണ്ട് തീര്‍ത്ത ഹിന്ദു ദേവീ ക്ഷേത്രവുമാണ്.
ഒന്‍പതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണിതതെന്ന് കരുതപ്പെടുന്നു. ജൈനമതത്തില്‍ ഈ ക്ഷേത്രത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. ജൈന സന്യാസിമാര്‍ ഈ പ്രദേശത്ത് വന്ന് ഗുഹകളില്‍ ധ്യാനിച്ചിരുന്നതായി പറയപ്പെടുന്നു. പ്രകൃതിദത്തമായ ഒരു ഗുഹയില്‍ നിന്നാണ് ക്ഷേത്രം കൊത്തിയെടുത്തത്. ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്ത് തൂണുകളുള്ള മണ്ഡപവും മൂന്ന് ശ്രീകോവിലുകളും ഉള്‍പ്പെടുന്നു. ഭഗവതി ദേവിയുടെ ക്ഷേത്രം ഹിന്ദുക്കളുടെ സജീവ ആരാധനാലയമായിരുന്നു. കന്യാകുമാരിയില്‍ നിന്ന് ഏകദേശം 55 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും (ഹൈവേ 66) കുഴിത്തുറ പട്ടണത്തില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ വടക്കുകിഴക്കായും (ഹൈവേ 90) ഇന്ത്യയുടെ തെക്കേ അറ്റത്താണ് ചിതറാല്‍ ജൈന സ്മാരകങ്ങളും ഭഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി ചൊക്കന്‍തൂങ്ങി കുന്നുകള്‍ എന്നറിയപ്പെടുന്ന തിരുച്ചനാട്ടു മലയിലാണ് അവ സ്ഥിതി ചെയ്യുന്നത്.
മലൈകോവില്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ജൈനക്ഷേത്രം വിക്രമാദിത്യ വരഗുണനെന്ന രാജാവിന്റെ കാലത്ത് പണികഴിപ്പിക്കപ്പെട്ടതാണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. പാറയില്‍ കൊത്തിയ ധ്യാന നിരതനായ തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി – സന്യാസിനീ ശില്‍പ്പങ്ങളും ക്ഷേത്രത്തിലുണ്ട്. ഗുഹാ ശില്‍പ്പങ്ങളിലെ ധര്‍മ്മ ദേവതയുടെ ശില്‍പ്പം പ്രസിദ്ധമാണ്. പത്തൊന്‍പതാം നൂറ്റാണ്ടോടെ ക്ഷേത്രത്തിന്റെ സ്ഥിതിയും പരിസരവും കൂടുതല്‍ വഷളായി. എന്നിരുന്നാലും, സ്മാരകം പിന്നീട് വൃത്തിയാക്കി, അതിന്റെ പല ഭാഗങ്ങളും പുനര്‍നിര്‍മിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. ക്ഷേത്രത്തിനു താഴെ ഹൃദയാകൃതിയിലുള്ള പ്രകൃതിദത്തമായ ഒരു കുളവുമുണ്ട്.
രാവിലെ 8:30 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പ്രവേശനം അനുവദിക്കുന്നത്. ക്ഷേത്രനട 4:30 ന് അടക്കും. ഏകദേശം ഒന്നര കിലോ മീറ്റര്‍ മുകളിലേയ്ക്ക് നടന്ന് വേണം ക്ഷേത്ര പരിസരത്ത് എത്താന്‍. ചിതറാല്‍ മലയുടെ താഴെവരെ വാഹനങ്ങള്‍ എത്തും. നടവഴി തുടങ്ങുന്നിടത്ത് ഇടതുവശത്തായി പാര്‍ക്കിംഗ് ഏരിയയും ശുചിമുറികളും ഉണ്ട്. പാര്‍ക്കിംഗ് ഫീസ് നല്‍കി വാഹനം പാര്‍ക്ക് ചെയ്യാം. ചിതറാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള നടവഴി ആരംഭിക്കുന്നിടത്ത് രണ്ട് ചെറിയ കടകള്‍ മാത്രമാണുള്ളത്.
STORY HIGHLIGHTS: Chitharal Temple, Kanyakumari