താനെ: അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ അഞ്ചാംനിലയിൽ നിന്ന് നായ ദേഹത്തുവീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. അമൃത് നഗറിലായിരുന്നു സംഭവം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയ്ക്കുമേല്‍ ഗോൾഡൻ റിട്രീവർ നായ വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. നായ, കുട്ടിയുടെ ദേഹത്ത് വീഴുന്നതും പിന്നാലെ കുട്ടിയെ അമ്മ എടുത്തുകൊണ്ട് പോകുന്നതും കാണാം. നായ അല്പസമയത്തിനു ശേഷം എഴുന്നേറ്റു പോകുന്നുമുണ്ട്.
മാതാപിതാക്കളുടെ ഒറ്റമകളായിരുന്നു മരിച്ച പെണ്‍കുട്ടിയെന്നും പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം നായയെ ആരെങ്കിലും താഴേക്ക് എറിഞ്ഞതാണോ അതോ സ്വമേധയാ താഴേക്ക് ചാടിയതാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
സംഭവത്തിൽ പൊലീസ് അപകടമരണത്തിന് കേസെടുത്തു. നായ വീണതെന്നു കരുതുന്ന കെട്ടിടത്തിലെ താമസക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത് എന്നാണ് വിവരം.