തിരുവനന്തപുരം: 2027 വരെയുള്ള വർഷങ്ങളിലെ വൈദ്യുതി നിരക്കു പരിഷ്കരിക്കാൻ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഈ വർഷം 34 പൈസയും 2025–26 ൽ 24 പൈസയും 2026–27 ൽ 5.90 പൈസയും വീതം നിരക്കു വർധിപ്പിക്കാനാണു ശുപാർശ. നിലവിലെ താരിഫ് വർധനയിൽ നിന്നു വ്യത്യസ്തമായി വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ വേനൽക്കാല താരിഫ് (സമ്മർ താരിഫ്) ആയി യൂണിറ്റിന് 10 പൈസ അധികം ഈടാക്കണമെന്നും ശുപാർശയുണ്ട്.
വൈദ്യുതി നിരക്കു പരിഷ്കരണം സംബന്ധിച്ച കെഎസ്ഇബിയുടെ ശുപാർശകൾ പൊതുജനങ്ങളുടെ അറിവിനായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിൽ ജനങ്ങളുടെ വാദം കേട്ട ശേഷമായിരിക്കും നിരക്കു പരിഷ്കരണം സംബന്ധിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ച് വിജ്ഞാപനം ചെയ്യുക.
വർഷം മുഴുവൻ യൂണിറ്റിന് 30 പൈസയും ഉപയോഗം ഉയർന്ന 2025 ജനുവരി മുതൽ മേയ് വരെ കാലയളവിൽ സമ്മർ താരിഫ് യൂണിറ്റിന് 10 പൈസ അധികമായും ഈടാക്കണം. വാർഷിക കണക്കിൽ ഇത് യൂണിറ്റിന് 34 പൈസ നിരക്കിലായിരിക്കും ബാധിക്കുക. യഥാർഥത്തിൽ 51 പൈസയാണ് ഈടാക്കേണ്ടതെങ്കിലും ഉപയോക്താക്കൾക്ക് ഭാരമാകാതിരിക്കാനാണു 17 പൈസ കുറയ്ക്കുന്നതെന്നും കെഎസ്ഇബി അവകാശപ്പെടുന്നു.
2025–26
വർഷം മുഴുവൻ 20 പൈസയും ജനുവരി– മേയ് കാലയളവിൽ മാസം യൂണിറ്റിന് 10 പൈസ അധികവും നിരക്കു വർധിപ്പിക്കണം. വാർഷിക ശരാശരി 24 പൈസയായിരിക്കും.
2026–27
വർഷം മുഴുവൻ യൂണിറ്റിന് 2 പൈസയും സമ്മർ താരിഫ് ആയി 10 പൈസയും യൂണിറ്റ് അടിസ്ഥാനത്തിൽ ഈടാക്കണം. വാർഷിക കണക്കിൽ വർധന യൂണിറ്റിന് 5.90 പൈസയായിരിക്കും. ആകെ 53.82 കോടി രൂപയാണ് അധിക വരുമാനം ലഭിക്കുക.