Tech

5 G ഫോണുകള്‍ ഇനി എല്ലാവരുടെയും കൊക്കിലൊതുങ്ങും; അതും 10,000 രൂപയിൽ താഴെ ചെലവിൽ, മോഡലുകൾ അറിയേണ്ടേ ? 5g-phone-under-10000

ബജറ്റ് നിരക്കിലുള്ള ഫോണുകളില്‍ 4ജി കണക്ടിവിറ്റിയാണുള്ളത്

ഇന്ത്യൻ 5ജി വിപണിയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്. 10000 രൂപയിൽ താഴെയുള്ള സ്മാർട്ട് ഫോണുകൾ 5 ജിയിൽ സ്വന്തമാക്കാം. പുതിയ ചിപ്പിന്റെ വരവോടെ വിലകുറഞ്ഞ ഫോണുകളിലും 5ജി കണക്ടിവിറ്റി എത്തിക്കാന്‍ സാധിക്കും. അതായത് 8000 രൂപയോളം വിലയ്ക്ക് 5ജി ഫോണുകള്‍ വാങ്ങാന്‍ സാധിക്കും. ക്വാല്‍കോം അടുത്തിടെ അവതരിപ്പിച്ച സ്‌നാപ്ഡ്രാഗണ്‍ 4എസ് ജെന്‍ 2 ചിപ്പ് സെറ്റ് ആണ് വലിയ ചിലവില്ലാത്ത 5ജി സ്മാര്‍ട്‌ഫോണുകള്‍ക്ക് വഴിയൊരുക്കുന്നത്.

നിലവില്‍ മിഡ്‌റേഞ്ചിന് മുകളിലുള്ള സ്മാര്‍ട്‌ഫോണുകളിലാണ് 5ജി സ്മാര്‍ട്‌ഫോണുകള്‍ കൂടുതലായുള്ളത്. ബജറ്റ് നിരക്കിലുള്ള ഫോണുകളില്‍ 4ജി കണക്ടിവിറ്റിയാണുള്ളത്.

5ജി ഫോണുകളില്‍ എന്തെല്ലാം പ്രതീക്ഷിക്കാം

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 4എസ് ജെന്‍ 2 ചിപ്പ് സെറ്റിന് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനുകള്‍ പിന്തുണയ്ക്കാനാവും. ഇതുവഴി ഫുള്‍ എച്ച്ഡിപ്ലസ് റസലൂഷന്‍ ഡിസ്‌പ്ലേ ഫോണില്‍ ഉപയോഗിക്കാനാവും. സാധാരണ എച്ച്ഡി റസലൂഷനിലുള്ള 4ജി ഫോണുകളില്‍ 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ് ഉള്ളത്. ഇത് ഉപഭോക്താക്കള്‍ക്ക് 5ജി ഫോണുകളിലേക്ക് മാറാനുള്ള പ്രചോദനമാവും.

ഈ ചിപ്പ്‌സെറ്റ് പരമാവധി 8 ജിബി റാമും യുഎഫ്എസ് 3.1 സ്റ്റോറേജും പിന്തുണയ്ക്കും. നിലവില്‍ ബജറ്റ് ഫോണുകളില്‍ 4 ജിബി റാം, 6 ജിബി റാം ഓപ്ഷനുകളാണുള്ളത്. പുതിയ ചിപ്പ് സെറ്റ് എത്തുന്നതോടെ ഫോണുകളിലെ ആപ്പുകളുടെ പ്രവര്‍ത്തന വേഗവും വര്‍ധിക്കും.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള ക്യാമറകള്‍ക്ക് ശക്തിപകരാനും ഈ പ്രൊസസര്‍ ചിപ്പിന് സാധിക്കും. സാധാരണ വില കൂടിയ ഫോണുകളിലാണ് ഈ ഫീച്ചര്‍ ഉണ്ടാവാറ്. ഇതോടൊപ്പം ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഫോണുകളില്‍ ഉള്‍പ്പെടുത്താനാവും. 40 വാട്ട് വരെ ചാര്‍ജിങ് വേഗം പിന്തുണയ്ക്കാന്‍ പുതിയ ക്വാല്‍കോം ചിപ്പിനാവും.

ഈ വര്‍ഷം അവസാനത്തോടെ ഈ ചിപ്പ്‌സെറ്റ് ഉപയോഗിച്ചുള്ള ആദ്യ 5ജി ഫോണ്‍ അവതരിപ്പിക്കുമെന്ന് ഷാവോമി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഫിനിക്‌സ്, റിയല്‍മി വിവോ പോലുള്ള കമ്പനികളും പിന്നാലെ ഫോണുകള്‍ അവതരിപ്പിച്ചേക്കും.

content highlight: 5g-phone-under-10000