ന്യൂയോര്‍ക്ക്: ഐടി മേഖലയില്‍ പിരിച്ചുവിടല്‍ പ്രക്രിയ തുടരുകയാണ്. പിരിച്ചുവിടലിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2024 ജൂലൈ മാസം മാത്രം 34 ടെക്നോളജി കമ്പനികളിലെ 8,000ത്തിലേറെ പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇതോടെ 2024ല്‍ 384 കമ്പനികളില്‍ നിന്നായി ഇതുവരെ ജോലി നഷ്ടമായ ഐടി തൊഴിലാളികളുടെ എണ്ണം 124,517 ആയി ഉയര്‍ന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രമുഖ കമ്പനിയായ ഇന്റലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ട സ്ഥാപനങ്ങളിലൊന്ന്. ഇന്റലില്‍ 15,000ത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായി.
മൈക്രോസോഫ്റ്റ് ഇക്കഴിഞ്ഞ ജൂണില്‍ മിക്സഡ് റിയാലിറ്റി, അസ്യൂര്‍ വിഭാഗത്തിലെ ആയിരം പേരെ പറഞ്ഞുവിട്ടിരുന്നു. ഇപ്പോഴും മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും കൃത്യമായ എണ്ണം വ്യക്തമല്ല. സോഫ്റ്റ്വെയര്‍ ഭീമന്‍മാരായ യുകെജിയും ജീവനക്കാരെ പിരിച്ചുവിട്ട കൂട്ടത്തിലുണ്ട്. 2,200 പേരെയാണ് യുകെജി ജൂലൈയില്‍ ഒഴിവാക്കിയത്.
ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ കമ്പനിയായ ഇന്‍ട്യൂറ്റ് 10 ശതമാനം പേരെയും ഒഴിവാക്കുന്നതായി അറിയിച്ചു. റഷ്യന്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ കാസ്പെര്‍സ്‌കിയാണ് തൊഴിലാളികളെ വെട്ടിക്കുറച്ച മറ്റൊരു സ്ഥാപനം. ബ്രിട്ടീഷ് അപ്ലൈന്‍സ്സ് നിര്‍മാതാക്കളായ ഡൈസണ്‍ ആയിരത്തോളം പേരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം എന്നാണ് കമ്പനിയുടെ അവകാശവാദം.
STORY HIGHLIGHTS: Retrenchment continues in the IT sector