മുതിര്‍ന്ന സി.പി.എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തെക്കന്‍ കല്‍ക്കട്ടയിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. സി.ഒ.പി.ഡി (ക്രോണിക് ഒബ്സ്ട്രാക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കാരണം അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് കുറച്ചുകാലമായി സജീവമായിരുന്നില്ല. ബാലിഗഞ്ച് ഏരിയയിലെ രണ്ട് മുറികളുള്ള ഒരു ചെറിയ സര്‍ക്കാര്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു.
1944 മാര്‍ച്ച് ഒന്നിന് വടക്കന്‍ കല്‍ക്കട്ടയിലാണ് ഭട്ടാചാര്യയുടെ ജനനം. 1966ല്‍ സി.പി.എമ്മില്‍ പ്രാഥമിക അംഗത്വം നേടി. 1968ല്‍ പശ്ചിമബംഗാള്‍ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 1971ല്‍ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായി. 1982ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. 1984 മുതല്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985ല്‍ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗത്വം. 1977ല്‍ കോസിപുരില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ല്‍ പരാജയപ്പെട്ടെങ്കിലും അതേ വര്‍ഷം തന്നെ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി.
1987-96 കാലത്ത് വാര്‍ത്താവിനിമയ, സാംസ്‌ക്കാരിക വകുപ്പും 1996-99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയില്‍ ഉപമുഖ്യമന്ത്രിയായി. അതേ വര്‍ഷം നവംബറില്‍ ആരോഗ്യകാരണങ്ങളാല്‍ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായി. പശ്ചിമ ബംഗാളിന്റെ വ്യവസായ വല്‍ക്കരണത്തില്‍ ശക്തമായ നിലപാടുകള്‍ എടുത്തു. ഭാര്യ: മീര. മകള്‍: സുചേതന. സ്വാതന്ത്ര്യാനന്തര തലമുറയുടെ ഭാഗമായിരുന്നപ്പോഴും ദേശീയ സമരത്തിന്റെ മൂല്യങ്ങളാണ് ബുദ്ധദേവ് ഭട്ടാചാര്യയെ നയിച്ചത്. സാധാരണക്കാരില്‍ ഒരാളായ, ആര്‍ക്കും സമീപിക്കാവുന്ന ബുദ്ധദേവിന്റെ വ്യക്തിത്വം എതിരാളികള്‍ക്കു പോലും സ്വീകാര്യനാക്കി.
പതിനെട്ടര വര്‍ഷം മന്ത്രിപദത്തിലിരുന്നപ്പോഴും 11 വര്‍ഷം മുഖ്യമന്ത്രായിരുന്നപ്പോഴും ലളിത ജീവിതത്തില്‍ മാറ്റമുണ്ടായില്ല. സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ ശില്‍പി ആയാണ് ബുദ്ധദേവ് ഭട്ടാടാര്യ അറിയപ്പെട്ടത്. സിനിമയും കവിതയും നാടകവുമൊക്കെ ഇഷ്ടമേഖഖലകളായിരുന്നു. പത്രപ്രവര്‍ത്തകരും എഴുത്തുകാരുമായി അടുത്ത സൗഹൃദം പുലര്‍ത്തി. സ്വന്തമായി കവിതയും നാടകങ്ങളുമെഴുതി. മികച്ച ലോക രചനകള്‍ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്തു. ബംഗാളില്‍ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും അമരക്കാരനായ പ്രമോദ് ദാസ് ഗുപ്തയാണ് ഭരണരംഗത്തേക്ക് ബുദ്ധദേവിനെ കൊണ്ടുവന്നത്.
സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയ 1977ല്‍ തന്റെ മുപ്പത്തിമൂന്നാമത്തെ വയസിലാണ് ബുദ്ധദേവ് ഭട്ടാചാര്യ നിയസഭയിലെത്തിയത്. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പ്രഫുല്ലകാന്തി ഘോഷിനെയാണ് പരാജയപ്പെടുത്തിയത്. 1996ല്‍ ആഭ്യന്തര മന്ത്രിയായി. 99 ജനുവരി മുതല്‍ 2000 നവംബര്‍ വരെ ഉപമുഖ്യമന്ത്രി. ജ്യോതിബസു ഒഴിഞ്ഞതിനെത്തുടര്‍ന്ന് 2000 നവംബര്‍ ആറിന് അന്‍പത്തിയാറാം വയസില്‍ ബുദ്ധദേവ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി. ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തെ നേരിടുന്നതിലും രാഷ്ട്രീയമായി പരിഹാരം കാണുന്നതിലും വഹിച്ച പങ്ക് ഭരണാധികാരിയെന്ന നിലയിലുള്ള വലിയ നേട്ടങ്ങളിലൊന്നാണ്.
സാംസ്‌ക്കാരിക മേഖലയിലെ സമഗ്രപരിവര്‍ത്തനവും പൊലീസ് വകുപ്പിനെ ജനകീയമാക്കലും എടുത്തുപറയേണ്ടവയാണ്. പശ്ചിമബംഗാള്‍ രഹസ്യാന്വേഷണ തലവനായിരുന്ന ദിലീപ് മിത്രയുടെ 2000ല്‍ പുറത്തിറക്കിയ ‘ഓപ്പറേഷന്‍ ബ്ലാക്ക് സ്റ്റിലെറ്റോ, മൈ ഇയേഴ്സ് ഇന്‍ ഇന്റലിജന്‍സ്’ എന്ന പുസ്തകത്തില്‍ ബുദ്ധദേവ് നിരവധി വധശ്രമങ്ങള്‍ നേരിട്ടതായി വിശദീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ അറിയുമെങ്കിലും പുറത്ത് കാര്യമായി ചര്‍ച്ചയാകാത്ത വിഷയം വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2001നും 2008നും ഇടയില്‍ ബുദ്ധദേവിനെതിരെ മൂന്ന് വധശ്രമങ്ങളുണ്ടായെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ യഥാസമയം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയില്ലെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഐ.എസ്.ഐയുടെ കല്‍ക്കട്ടയിലെ സ്ലീപ്പര്‍ സെല്‍ അംഗമായി ആരോപിക്കപ്പെട്ട അബ്ദുള്ളയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രധാന വിവരങ്ങള്‍ ലഭിച്ചത്. മിഡ്നാപൂര്‍ ജില്ലയുടെ കിഴക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍, പുരുലിയ, ബങ്കുറ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകള്‍ ശക്തിപ്പെടുകയും പീപ്പീള്‍സ് വാര്‍ ഗ്രൂപ്പായി മാറുകയും ചെയ്ത വേളയിലാണ് മറ്റൊരു നീക്കം.
മാവോയിസ്റ്റുകളും പീപ്പീള്‍സ് വാര്‍ ഗ്രൂപ്പും ബുദ്ധദേവിനെ മുഖ്യശത്രുവായി കണ്ടിരുന്നുവെന്നും ജംഗല്‍മഹല്‍ സന്ദര്‍ശിക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ദിലീപ് മിത്ര പറയുന്നു. 2008 നവംബറില്‍ സാല്‍ബണില്‍ ജിന്താല്‍ സ്റ്റീല്‍ പ്ലാന്റിന്റെ കല്ലിടലിനു ശേഷം മടങ്ങവെ കുഴിബോംബ് വെച്ച് അപായപ്പെടുത്താനും ശ്രമമുണ്ടായി. അന്ന് തലനാരിഴയ്ക്കാണ് ബുദ്ധദേവ് രക്ഷപ്പെട്ടത്. നന്ദിഗ്രാം സമരത്തിന്റെ മറവില്‍ ബുദ്ധദേവ് സര്‍ക്കാരിനെതിരെ മുഴുവന്‍ പ്രതിലോമ ശക്തികളും ഒന്നിച്ചുവന്നു. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടായി. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധം ബാധിച്ച മാധ്യമങ്ങളും പിന്തിരപ്പന്‍ ശക്തികള്‍ക്കൊപ്പം നിന്നു.
സമരക്കാര്‍ക്കു നേരെ വെടിവെപ്പുണ്ടായത് മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നതും മറച്ചുവെക്കപ്പെട്ടു. ബംഗാളിലെ ഭരണത്തുടര്‍ച്ചയില്‍ വിറളി പൂണ്ട വിരുദ്ധശക്തികള്‍ രാജ്യാന്തരമായിത്തന്നെ വലിയ ഗൂഢാലോചന നടത്തിയതും ദിലീപ് മിത്രയുടെ വെളിപ്പെടുത്തലില്‍ സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
content highlights; Former West Bengal Chief Minister Buddhadeva Bhattacharya passed away