Health

വരണ്ട മുടി നിങ്ങളെ അലട്ടുന്നുണ്ടോ?; വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍-Remedies for Dry Hair

മുടിയിഴകളിലും തലയോട്ടിയിലും ഈര്‍പ്പമില്ലാതാകുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണിവ

തലമുടി വരണ്ട് പൊട്ടിപ്പോകുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുടിയിഴകളിലും തലയോട്ടിയിലും ഈര്‍പ്പമില്ലാതാകുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണിവ. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, മലിനീകരണം, കഠിനജലം ഉപയോഗിച്ചുള്ള കുളി, രാസവസ്തുക്കള്‍, ബ്ലോ ഡ്രയറുകളുടെ ഉപയോഗം, വിറ്റാമിനുകളുടെ അഭാവം, അമിതമായി വെയിലേല്‍ക്കുക തുടങ്ങിയ വിവിധ കാരണങ്ങളാല്‍ മുടിയുടെയും തലയോട്ടിയുടെയും ഈര്‍പ്പം നഷ്ടപ്പെടുന്നു. പക്ഷേ ഇതൊന്നും കേട്ട് ആശങ്കപ്പെടേണ്ടതില്ല. വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ നമുക്ക് ഇതിന് പരിഹാരം കാണാം. എങ്ങനെയാണെന്നോ?

ജലാംശം

ചര്‍മ്മമാകട്ടെ, മുടിയാകട്ടെ ഡ്രൈ ആയിപ്പോകുന്നത് തടയാന്‍ ആദ്യം ചെയ്യേണ്ടത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉറപ്പിക്കലാണ്. ഇതിനായി ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് തണുപ്പുകാലങ്ങളില്‍ നമുക്ക് ദാഹം കുറവായിരിക്കും. അങ്ങനെ വരുമ്പോള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവിലും കുറവ് വരാം. ഇത് ബോധപൂര്‍വം ശ്രദ്ധിക്കേണ്ടതാണ്.

തേന്‍- ഒലീവ് ഓയില്‍ അവക്കാഡോ

തേന്‍ രണ്ട് ടേബിള്‍ സ്പൂണ്‍, അവക്കാഡോ, ഒലീവ് ഓയില്‍ രണ്ട് ടീസ്സ്പൂണ്‍ എന്നിവയെടുത്ത് നല്ലതു പോലെ മിക്സ് ചെയ്ത് മുടിയില്‍ തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയണം. മുടിയുടെ അറ്റം വരെ തേച്ചു പിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതു മുടിയുടെ അറ്റം പിളരുന്നത് തടയാനും മുടിയെ നല്ല തിളക്കമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു.

സീസണല്‍ ഭക്ഷണങ്ങള്‍

സീസണലായി ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കാര്യമായി കഴിക്കുന്നത് നല്ലതാണ്. അത് പഴങ്ങളോ പച്ചക്കറികളോ എന്തുമാകട്ടെ. അതത് കാലാവസ്ഥകളോട് പൊരുതി പോകാന്‍ ആരോഗ്യത്തെ തയ്യാറെടുപ്പിക്കുന്നതിന് ഈ വിഭവങ്ങള്‍ക്ക് സാധ്യമാകും.

മദ്യപാനം

മുടിയോ ചര്‍മ്മമോ എല്ലാം ഡ്രൈ ആയിപ്പോകുന്ന പ്രശ്‌നമുണ്ടെങ്കില്‍ മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്. മദ്യം ശരീരത്തിലെ ജലാംശം കുറയ്ക്കുന്നതിനും നിര്‍ജലീകരണത്തിനും വലിയ രീതിയില്‍ കാരണമാകുന്ന ഘടകമാണ്.

മുട്ടയുടെ മഞ്ഞയും വെള്ളവും

മുട്ടയുടെ മഞ്ഞ നല്ല ഒരു കണ്ടീഷണറാണ്. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മുടിയിഴകളെ കണ്ടീഷന്‍ ചെയ്ത് ഈര്‍പ്പം നിലനിര്‍ത്തുന്നു. രണ്ട് മുട്ടയുടെ മഞ്ഞയില്‍ 3 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി അടിച്ചുപതയ്ക്കുക. ഇത് മുടിയില്‍ തേച്ചുപിടിപ്പിച്ച് 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകു. ഇങ്ങനെ ചെയ്താല്‍ മുടിയുടെ വരള്‍ച്ച മാറിക്കിട്ടും.

അവക്കാഡോയും വെളിച്ചെണ്ണയും

നല്ലതു പോലെ പഴുത്ത അവക്കാഡോ രണ്ടു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളിച്ചെണ്ണയില്‍ പഴുത്ത അവക്കാഡോ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇതു തലയില്‍ തേച്ചു പിടിപ്പിക്കാം. ശേഷം അരമണിക്കൂറോളം തല മൂടി വെക്കുക. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്. ആഴ്ചയില്‍ രണ്ടു തവണ ഇപ്രകാരം ചെയ്യാം.

തൈര്

തൈര് ഹെയര്‍ മാസ്‌ക് വരണ്ട മുടിക്ക് മികച്ച പരിഹാരമാണ്്. തൈരില്‍ അടങ്ങിയിരിക്കുന്ന നല്ല എന്‍സൈമുകളും ബാക്ടീരിയകളും നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കാനും മുടി ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് മുതല്‍ അനാരോഗ്യകരമായ തലയോട്ടി വരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് തൈര്. ഒരു കപ്പ് തൈര് നന്നായി കലക്കിയെടുത്ത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക.

ഫ്രൈഡ് ഫുഡ്‌സ് ഒഴിവാക്കുക

മുടി ഡ്രൈ ആകുന്നത് തടയാന്‍ ഫ്രൈഡ് ഫുഡ്‌സ് കഴിക്കുന്നത് മിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. പ്രത്യേകിച്ച് തണുപ്പുകാലങ്ങളിലാണെങ്കില്‍ ആളുകള്‍ ഫ്രൈഡ് ഫുഡ്‌സിനെ കൂടുതല്‍ ആശ്രയിക്കാറുണ്ട്. കഴിയുന്നതും ഇവ പരിമിതപ്പെടുത്തി പഴങ്ങളിലേക്കും പച്ചക്കറികളിലേക്കും തിരിയുന്നതാണ് നല്ലത്.

കറ്റാര്‍വാഴ

കറ്റാര്‍വാഴ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ്. 3 ടേബിള്‍ സ്പൂണ്‍ യോഗര്‍ട്ട്, 4 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ നീര് എന്നിവയില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ കൂടിച്ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നിന്ന് മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളംചൂട് വെള്ളത്തില്‍ കഴുകുക.

STORY HIGHLIGHTS: Home Remedies for Dry Hair