Travel

നായകൾ ആത്മഹത്യ ചെയ്യുന്ന സ്ഥലം; ഇന്നും ഉത്തരം കിട്ടാത്ത നിഗൂഢ രഹസ്യം! | mystery-scottish-dog-suicide-bridge

ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ചിലപ്പോഴൊക്കെ മനുഷ്യര്‍ ആത്മഹത്യ ചെയ്യാറുണ്ട്. എന്നാല്‍ സ്‌കോട്ട്‌ലന്റിലെ വെസ്റ്റ് ഡന്‍ബാര്‍ടോണ്‍ഷെയറില്‍ മനുഷ്യര്‍ മാത്രമല്ല നായകളും ആത്മഹത്യ ചെയ്യാറുണ്ടത്രേ . സ്കോട്‌ലന്‍ഡിലെ വെസ്റ്റ് ഡണ്‍ബാര്‍ട്ടൻഷെയര്‍ മേഖലയിലാണ് കുപ്രസിദ്ധമായ ഒരു പാലമുള്ളത്.1950ന് ശേഷം മാത്രം ഈ പാലത്തിനു താഴെയുള്ള കൊക്കയിലേക്ക് ഏതാണ്ട് എഴുന്നൂറോളം നായ്ക്കള്‍ ചാടിയിട്ടുണ്ട്. ഇതില്‍ അന്‍പതിലേറെ നായ്ക്കള്‍ മരണത്തിനു കീഴടങ്ങി. അറുന്നൂറിലേറെ നായ്ക്കള്‍ പരിക്കുകളോടെ രക്ഷപെട്ടു. പക്ഷേ അപ്പോഴും ചോദ്യം ഉയരുന്നത് എന്തുകൊണ്ട് നായ്ക്കള്‍ മാത്രം ഈ പാലത്തിനു മുകളിലെത്തുമ്പോള്‍ താഴേക്കു ചാടുന്നു എന്നതാണ്. അതിനാലാണ് പാലത്തിന് നായ്ക്കളുടെ ആത്മഹത്യാ പാലമെന്ന പേരും ലഭിച്ചത്. 1895 ലാണ് ഈ പാലം നിര്‍മിക്കപ്പെട്ടതെങ്കിലും 1950ന് ശേഷമാണ് നായ്ക്കളുടെ ഈ ആത്മഹത്യാ പ്രവണത ശ്രദ്ധയില്‍ പെട്ടത്.

മൃഗവിദഗ്ദ്ധര്‍ക്കൊന്നും എന്താണ് ഈ വിചിത്രമായ പ്രതിഭാസത്തിന് പിന്നിലുള്ള കാരണമെന്ന് കണ്ടെത്താനായിട്ടില്ല. സ്വാഭാവികമായും ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അതീന്ദ്രിയ ശക്തികളുടെ കഥകളെല്ലാം തന്നെ പാലത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തമായത് ലേഡി ഓഫ് ഓവർടണ്‍ എന്ന പ്രേതത്തെക്കുറിച്ചുള്ളതാണ്. ഓവർടണ്‍ ഹൗസെന്ന പ്രേത കൊട്ടാരത്തിനടുത്താണ് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പാലം. ഓവര്‍ടണിലെ വെളുത്ത സ്ത്രീയുടെ ആത്മാവാണ് ഇതിന് പിന്നിലെന്നും ആ പ്രേതത്തിന്റെ സാന്നിദ്ധ്യമാണ് നായകളെ താഴേയ്ക്ക് ചാടാന്‍ പ്രേരിപ്പിക്കുന്നുമാണ് ഇവിടുത്തെ ഒരു വിഭാഗം ജനങ്ങള്‍ പറയുന്നുണ്ട് . ഏതാണ്ട് അഞ്ഞൂറിലേറെ വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഇവര്‍ പ്രിയപ്പെട്ട നായ ചത്തു പോയതിന്‍റെ പേരില്‍ വിഷാദം മൂലം അത്മഹത്യ ചെയ്തു എന്നാണ് വിശ്വാസം

എന്നാൽ പാലത്തിന് താഴെയുള്ള മലയിടുക്കില്‍ നിന്നുള്ള മണം നായ്ക്കളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഇതിനു കാരണമെന്നും പറയപ്പെടുന്നു . ഈ മണം മൂക്കിലേക്കെത്തുന്നതോടെ ആകാംക്ഷയോ ആകര്‍ഷണമോ നിയന്ത്രിക്കാന്‍ കഴിയാതെ നായ്ക്കള്‍ എടുത്തു ചാടുകയാണ് ചെയ്യുന്നതെന്ന് പലരും പറയുന്നു. നീര്‍നായ് ഇനത്തില്‍ പെട്ട മിങ്ക് എന്ന ജീവിയുടെ മണമാണ് ഇതെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ഈ മേഖലയില്‍ സ്വാഭാവികമായി കാണപ്പെടാത്ത ജീവിയാണ് മിങ്കുകള്‍. എന്നാല്‍ 1950 കളോടെ ഓമനിച്ചു വളര്‍ത്തുന്നതായി കൊണ്ടുവന്ന മിങ്കുകള്‍ ഈ മേഖലയില്‍ വ്യാപകമായി. വൈകാതെ കാടുകളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി. ഈ സമയത്ത് തന്നെയാണ് നായ്ക്കളില്‍ ആത്മഹത്യാപ്രവണത കണ്ടു വരുന്നതും. അതുകൊണ്ട് തന്നെ മിങ്കുകളും നായ്ക്കളുടെ ആത്മഹത്യയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകാം എന്ന ആശയത്തിന് ബലം കൂടുതലുണ്ട്.

എത്ര ശക്തമായ മണമായാലും ഒരു നായ പോലും 15 മീറ്റര്‍ ആഴത്തിലേക്ക് ചാടാൻ തയാറാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല സ്കോട്‌ലന്‍ഡിലെ മറ്റ് നദികളിലും നീര്‍നായകള്‍ കാണപ്പെടുന്നുണ്ട്. പക്ഷേ ഈ പാലത്തില്‍ നിന്ന് മാത്രം മണം പിടിച്ച് നായ്ക്കള്‍ എന്തുകൊണ്ടു ചാടുന്നു എന്നതാണ് മറ്റൊരു ചോദ്യം. ഇവിടെ നിരവധി മനുഷ്യരും വീണ് മരിച്ചിട്ടുണ്ട്. പാലത്തില്‍ നിന്നും താഴേയ്ക്ക് നോക്കിയപ്പോള്‍ തന്നെ ആരോ പിന്നില്‍ നിന്നും തള്ളിയിടാന്‍ ശ്രമിച്ചതായി തോന്നിയതായി മതതത്വചിന്താ അധ്യാപകനായ പോള്‍ ഓവന്‍സ് പറഞ്ഞു. രണ്ട് വര്‍ഷത്തിന് മുമ്പാണ് തനിക്ക് ഈ അനുഭവം ഉണ്ടായതെന്നും ആ സമയത്ത് താന്‍ പാലത്തിന് മുകളില്‍ ഒറ്റയ്ക്കായിരുന്നെന്നും ഓവന്‍സ് വ്യക്തമാക്കി. 1994ല്‍ കെവിന്‍ മോയ് എന്നയാള്‍ തന്റെ രണ്ടാഴ്ച മാത്രം പ്രായമുള്ള പിഞ്ചുമകനെ ചെകുത്താന്‍ ബാധിച്ച കുഞ്ഞാണെന്ന് ആരോപിച്ച് പാലത്തിന് മുകളില്‍ നിന്നും എറിഞ്ഞ് കൊന്നു. പിന്നീട് ഇയാള്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല, പിന്നീട് അയാള്‍ ഞരമ്പ് മുറിച്ച് ജീവനൊടുക്കി ഏതായാലും നായ്ക്കള്‍ ഈ പാലത്തില്‍ നിന്ന് താഴേക്കു ചാടുന്നതിന് വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന വിശദീകരണങ്ങളെല്ലാം തന്നെ ഊഹാപോഹങ്ങള്‍ മാത്രമാണ്.

STORY HIGHLLIGHTS : mystery-scottish-dog-suicide-bridge